ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്നും, ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണമെന്നും കോടതി വ്യക്തമാക്കി.
പ്രേരണക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒരുമിച്ച് പോകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെറുതെ വാക്കാൽ പറഞ്ഞതല്ലെന്നും, ദിലീപിനെതിരെ നിർണായക തെളിവുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. തെളിവുകൾ എന്താണെന്ന് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. തനിക്കെതിരെയല്ല രണ്ട് അഭിഭാഷകർക്കെതിരെയാണ് കേസുണ്ടായിരുന്നതെന്നും, ഇവരെ കോടതി കുറ്റവിമുക്തരാക്കിയെന്നുമായിരുന്നു നടന്റെ പ്രതികരണം.
ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് ദിലീപിന്റെ വാദം. യൂട്യൂബ് ചാനലിലെ വീഡിയോ കണ്ട ശേഷം നടത്തിയ പരാമർശത്തിന്റെ പേരിൽ ഗൂഢാലോചന കുറ്റം ചുമത്താനാകില്ല. ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചന കേസിലെ എഫ് ഐ ആറും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലതും എഫ് ഐ ആറിൽ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും പ്രതിഭാഗം വാദിച്ചു.
ബാലചന്ദ്രകുമാറിനെ ദിലീപിന്റെ ആളുകൾ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സാക്ഷികൾ മൊഴി നൽകാൻ വരുമ്പോൾ പ്രതിഭാഗം പല വഴിക്ക് അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. ദിലീപ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, എല്ലാ പ്രതികളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.