ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

സുൽത്താൻ ബത്തേരി: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് ആന്ധ്രപ്രദേശിലെ കാക്കിനടയിൽ വെച്ച് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അർവിന്ദ് സുകുമാർ പറഞ്ഞു.
സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളം സ്വദേശിയും കഞ്ചാവ് കടത്തിലെ പ്രധാന പ്രതിയുമായ പുൽപ്പാറ സിസി ജോസ് എന്ന പി.യു.ജോസ് (51), മലപ്പുറം മുണ്ടക്കര വീട്ടിൽ സദക്കത്തുള്ള എന്ന ഷൗക്കത്ത് (45), തമിഴ്നാട് തിരുനെൽവേലി സുദർനഗർ കാർത്തിക് മോഹനൻ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചുവന്ന രഹസ്യ അറകളോടുകൂടിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ബത്തേരിക്കടുത്ത വട്ടത്തിമൂല കോളനിയിലെ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്ന് 102 കിലോ കഞ്ചാവ് ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. കഞ്ചാവ് സൂക്ഷിച്ചുവെക്കാൻ കൃഷ്ണൻകുട്ടിയെ ഏൽപ്പിച്ചത് ജോസാണെന്ന് സംഭവത്തിൽ പിടിയിലായ മറ്റുള്ളവർ വ്യക്തമാക്കിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആന്ധ്രയിലുണ്ടെന്ന രഹസ്യവിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചത്.

തുടർന്ന് ബത്തേരി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ആന്ധ്രയിലെത്തി ആന്ധ്ര പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ ലോഡ്ജ് വളഞ്ഞ് പ്രതികളെ പിടികുടുകയായിരുന്നു. ജോസിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് പേരും കഞ്ചാവ് കടത്തിന് സഹായികളായി പ്രവർത്തിക്കുന്നവരാണ്.

ഓട്ടോ ഡ്രൈവർ

സീസിങ്ങ് ജോസായി

ബത്തേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ജോസ് പിന്നീട് അടവ് തെറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന ആളായതോടെയാണ് സീസിങ്ങ് ജോസായി മാറിയത്. ഹവാല പണമിടപാടും ഹൈവേ വാഹനകവർച്ചയും കഞ്ചാവ്കടത്തുമായി കഴിയുകയാണ്. ഒരു വനം വകുപ്പ് കേസുൾപ്പെടെ 19 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കർണാടകയിലെ വേലൂർ, കോഴിക്കോട് സിബിസിഐഡി, പടിഞ്ഞാറത്തറ, തിരുനെല്ലി, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓരോ കേസും ബത്തേരി സ്റ്റേഷനിൽ 14 കേസുമാണ് ഇയാളുടെ പേരിലുള്ളത്.
സുൽത്താൻ ബത്തേരി പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ജെ.ഷജീം, എ.എസ്.ഐ കെ.വി.അനീഷ്, എം.എ.അനസ് (ലഹരിവിരുദ്ധ സ്‌ക്വാഡ്), സന്തോഷ്, അ‌ഷ്‌ലിൻ, വിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.