സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കി: ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: അധികാരങ്ങള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കിയെന്നും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്ത നിലവില്‍ വന്നതുതന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ്. ഒരു ഓര്‍ഡിനന്‍സിലൂടെ അതിന്റെ അധികാരം വെട്ടിച്ചുരുക്കുന്നത് ചിന്തിക്കാനാവാത്ത ഇടപെടലാണ്. ജനാധിപത്യത്തിലെ സുതാര്യതയുടെ വിഷയമാണിത്. വിധി വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാട് ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ്. മാറിമാറിവന്ന സര്‍ക്കാരുകളൊന്നും ചിന്തിക്കാത്ത കാര്യമാണ് സ്വന്തം സൗകര്യത്തിനു വേണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ പുറകോട്ടടിക്കാന്‍ ഇത് കാരണമാകും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോകായുക്തയെ ഇല്ലാതാക്കുന്ന നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഭരണകക്ഷിക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ള രംഗമൊരുക്കലാണിത്. ജനങ്ങളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിത്. ലോകായുക്ത ഒരു അസൗകര്യമാണെന്ന് സര്‍ക്കാര്‍ ചിന്തിച്ചതിന്റെ കാരണം വ്യക്തമാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ തകരാറുണ്ടെങ്കില്‍ അത് കണ്ടെത്തി നടപടി സ്വീകരിക്കാനാണ് ലോകായുക്ത. ദീര്‍ഘകാലത്തെ പ്രക്ഷോഭങ്ങളുടെ ഫലമായി ഉണ്ടായ ഒരു സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നത് കേരളം പൊറുക്കില്ല. രാജ്യത്ത് നിലവില്‍ വന്ന വലിയൊരു സംവിധാനത്തെ കേരളം മാത്രം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. അഴിമതിക്കെതിരെ രാജ്യം നേരിടുന്ന പുരോഗതിയില്‍നിന്നുള്ള പുറകോട്ട് പോകലാണിത്.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ലോകായുക്തയുടെ അധികാര പരിധി കൂട്ടണമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.