ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട 6 പെൺകുട്ടികളിൽ ഒരാൾ പിടിയിൽ; അഞ്ച് പെൺകുട്ടികൾ ഓടി മറഞ്ഞു, രണ്ടു യുവാക്കളും കസ്റ്റഡിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെൺകുട്ടികളിൽ ഒരാളെ ബംഗളൂരുവിനടുത്ത് മടിവാളയിൽ രണ്ട് യുവാക്കൾക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസിനെ കണ്ട് അഞ്ചു പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു.

ഇവരെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തേക്ക് ചാടിച്ചത് ഈ യുവാക്കളാണെന്ന് കരുതുന്നു. ഇവരിൽ ഒരാൾ കൊടുങ്ങല്ലൂർ സ്വദേശിയും രണ്ടാമൻ കൊല്ലത്തുകാരനുമാണ്. മടിവാളയിലേക്ക് തിരിച്ച കോഴിക്കോട് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ അവിടെ എത്തുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.

സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ അംഗം ബബിത ചിൽഡ്രൻസ് ഹോമിലെത്തി വിവരങ്ങൾ ശേഖരിച്ചു.

എട്ടംഗ സംഘം മടിവാളയിലെ ഒരു ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയതായിരുന്നു. തിരിച്ചറിയൽ കാർഡ് അവശ്യപ്പെട്ടപ്പോൾ പെൺകുട്ടികൾ പരുങ്ങുന്നത് കണ്ടതോടെ സ്റ്റാഫിന് സംശയമായി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതും അഞ്ചു പെൺകുട്ടികൾ ഓടി മറഞ്ഞു. യുവാക്കളെ ജീവനക്കാർ തടഞ്ഞു വച്ചത് കാരണം രക്ഷപ്പെടാനായില്ല. ഇവരുടെ അടുത്തു നിന്ന പെൺകുട്ടിയാണ് പിടിയിലായത്.

ബുധനാഴ്ച റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷമാണ് സഹോദരിമാർ ഉൾപ്പെടെ ആറു പേർ ചിൽഡ്രൻസ് ഹോമിൽ നിന്നു രക്ഷപ്പെട്ടത്. ജീവനക്കാർ വിശ്രമിക്കുമ്പോൾ അടുക്കള ഭാഗത്ത് കോണി വച്ച് പുറത്തേക്ക് കടക്കുകയും കാത്തുനിന്ന യുവാക്കൾക്കൊപ്പം ട്രെയിനിൽ ബംഗളൂരുവിലേക്ക് പോവുകയുമായിരുന്നു.

പെൺകുട്ടികൾ രക്ഷപ്പെട്ട വിവരം അറിയുന്നത് വൈകിട്ടാണ്. അഞ്ചു പേരും കോഴിക്കോട്ടുകാരാണ്. ഒരു പെൺകുട്ടി കണ്ണൂർ സ്വദേശിയും.

യുവാക്കളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ പറഞ്ഞു. ഇവർ ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന പെൺകുട്ടികളുമായി എങ്ങനെ ബന്ധപ്പെട്ടെന്നും അറിയേണ്ടതുണ്ട്.