ഏഴു ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട-മന്ത്രി
തിരുവനന്തപുരം: ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അവര്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായും മന്ത്രി പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകള്‍ കൂടുന്നില്ല. 42.47 ശതമാനം കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കോവിഡ്, നോണ്‍കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൈഡ്ലൈന്‍
ഒമിക്രോണ്‍ സാഹചര്യത്തില്‍ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശമിറക്കി. ഒപിയിലോ അത്യാഹിത വിഭാഗത്തിലോ കിടത്തി ചികിത്സയ്ക്കോ വരുന്ന രോഗികള്‍ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധ നടത്തിയാല്‍ മതി. തുടര്‍ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളുകളിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ചികിത്സിക്കാന്‍ പ്രത്യേക ഇടം സജ്ജീകരിക്കാന്‍ നോക്കണം. ഒപിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാര്‍ഗം മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
വിവിധ സ്പെഷ്യാലിറ്റികളില്‍ അഡ്മിറ്റായ രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആ സ്പെഷ്യാലിറ്റിയുടെ കീഴില്‍ തന്നെ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് രോഗിയെ അവിടെ ചികിത്സിക്കണം. ഓരോ വിഭാഗവും, അവരുടെ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ പരിചരിക്കാന്‍ പ്രത്യേക കിടക്കകള്‍ നീക്കിവയ്ക്കേണ്ടതാണ്. അടിയന്തര ചികിത്സ ആവശ്യമെങ്കില്‍ മാത്രം കോവിഡ് ഐസിയുവില്‍ മാറ്റേണ്ടതാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍ എന്നിവ ധരിക്കണം. അതീവ ഗുരുതര വിഭാഗ ചികിത്സക്ക് മാത്രം പിപിഇ കിറ്റ് ഉപയോഗിച്ചാല്‍ മതി.
ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുത്.