വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോം ഉയര്‍ത്തും; കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഉയര്‍ത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഡോ. എം.പി അബ്ദുസ്സമദ് സമദാന്നിയെ അറിയിച്ചു. എന്‍.എസ്.ജി 6 കാറ്റഗറിയിലാണ് വള്ളിക്കുന്ന് സ്റ്റേഷനുള്‍പ്പെടുന്നത്. സ്റ്റേഷന്‍ 02 മീഡിയം പ്ലാറ്റ്ഫോമുകള്‍ സ്റ്റേഷനുകളുടെ മുന്‍ഗണനക്കനുസൃതമായി ഉയര്‍ത്താനാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സമദാനിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.

വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ താഴ്ച കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള സമദാനിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

ജനങ്ങള്‍ ദീര്‍ഘകാലമായി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പ്ലാറ്റ്ഫോം ഉയര്‍ത്തുന്ന നടപടി വൈകുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു ചോദ്യം.