തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് അടിച്ചുക്കൊന്നു
മല്ലപ്പള്ളി: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട കെട്ടിട നിർമ്മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേർന്ന് മർദിച്ചു കൊന്നു. മാർത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ(40) കൊല്ലപ്പെട്ടത്. കരാറുകാരൻ മാർത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരൻ സുരേഷ്‌കുമാർ (44), സഹോദരൻ ജോസ് (39) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം.
കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്നയാളാണ് സ്റ്റീഫൻ. തനിക്ക് ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള പണം ചോദിക്കാൻ രണ്ടു സുഹൃത്തുക്കളെയും കൂട്ടി സ്വന്തം ബുള്ളറ്റ് ബൈക്കിലാണ് സുരേഷ് താമസിക്കുന്ന വാടകവീട്ടിൽ എത്തിയത്. പണം ചോദിച്ചുണ്ടായ തർക്കത്തിനൊടുവിൽ സ്റ്റീഫനെ സുരേഷും ജോസും ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കമ്പി വടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു.
കല്ലൂപ്പാറ എൻജിനീയറിങ് കോളജ് റോഡിൽ ചെറുമത മർത്തോമ്മ പള്ളിക്ക് സമീപം തുരുത്തിയിൽ ഫിലിപ്പ് വർഗീസ് വാടകയ്ക്ക് നൽകിയ വീട്ടിലാണ് സംഭവം നടന്നത്. അടി കൊണ്ട് സ്റ്റീഫൻ ബോധരഹിതനായത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. പുലർച്ചെ നാലിന് കല്ലൂപ്പാറ റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന കീഴ്‌വായ്പൂർ സ്റ്റേഷനിലെ പൊലീസുകാരെ ഇവർ വിവരം ധരിപ്പിച്ചു.
പൊലീസ് എത്തുമ്പോൾ സുരേഷിന്റെ വാടക വീടിന്റെ ഹാളിൽ ബോധരഹിതനായി കിടക്കുകയായിരുന്ന സ്റ്റീഫനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാൾ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സ്റ്റീഫനെ മർദിക്കാൻ ഉപയോഗിച്ച കമ്പി വടിയും എറിയാൻ ഉപയോഗിച്ച ചെങ്കല്ലുകളും കണ്ടെടുത്തു.
തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തർ, കീഴ്‌വായ്പൂർ ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.