മന്ത്രി ബിന്ദുവിന് ലോകായുക്തയുടെ ക്ളീൻ ചിറ്റ്, ചെന്നിത്തലയുടെ ഹർജി തള്ളി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ പുനര്‍നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി അധികാര ദുർവിനിയോഗം നടത്തുകയോ സ്വജന പക്ഷപാതം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് മുന്നില്‍ അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
മന്ത്രി നൽകിയത് ശുപാർശ മാത്രമാണ്. ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ഇത് തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.
വി സി നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. വി.സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പ്രധാന പരാതി. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നാണ് വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം വി സി നിയമനം സംബന്ധിച്ച് ഗവര്‍ണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നയിരുന്നു വിശദീകരണത്തിൽ ഗർണർ പറഞ്ഞിരുന്നത്.