മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം തുടരുന്നു; ഹെലികോപ്ടർ ഇറക്കാനായില്ല

പാലക്കാട്: കാൽവഴുതി മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഹെലികോപ്ടർ ഇറക്കി രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ദുഷ്ക്കരമായ മലിയിടുക്കിലേക്ക് ഹെലികോപ്ടർ ഇറക്കാൻ സാധിച്ചില്ല. മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കിലാണ് യുവാവ് കുടുങ്ങിയത്. മലമ്ബുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘവും രക്ഷാപ്രവര്‍ത്തനത്തിന് എത്തും. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തന ശ്രമം നടക്കാതെ വന്നതോടെ പർവതാരോഹകരെ സ്ഥലത്തെത്തിച്ച് യുവാവിനെ രക്ഷിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. നിലവിൽ യുവാവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കളക്ടര്‍ അറിയിച്ചു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മല കയറിയത്. എന്നാൽ ഏറെ ദുഷ്ക്കരമായ മലയിലേക്ക് കയറാനാകാതെ ഇവർ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചു. തിരിച്ച് ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയുമൊക്കെ ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മലയിടുക്കിൽനിന്ന് മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസമായി. എന്നാൽ ഇന്ന് രാവിലെ മുതൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഏറെ ദുഷ്ക്കരമായ ഭൂഘടനയാണ് മലയിടുക്കിലേക്ക് പോകാൻ സാധിക്കാത്തതിന് കാരണം..