മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നൂറുദിന കർമപരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1557 പദ്ധതികളാണ് മൂന്ന് മാസത്തിനിടെ നടപ്പാക്കാനൊരുങ്ങുന്നത്. സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കെ ഫോൺ
പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫീസുകളിലും കെ ഫോൺ പദ്ധതി നടപ്പാക്കും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെഫോണ്‍ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്‍റെ ലക്ഷ്യത്തോട് അടുക്കുകയാണ്.
തൊഴിൽ ദിനങ്ങൾ
വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിര്‍മ്മാണ പ്രവൃത്തികളിലൂടെയുള്ള തൊഴില്‍ ദിനങ്ങളായതിനാല്‍ അതിഥി തൊഴിലാളികള്‍ക്കും ഇതിലെ ഒരു പങ്ക് സ്വാഭാവികമായി ലഭ്യമാകും.
നിര്‍മ്മാണ പ്രവൃത്തികളെ ആസ്പദമാക്കിയുള്ള തൊഴില്‍ ദിനങ്ങള്‍ക്ക് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ 4,64,714 ആണ്. ഇതില്‍ കൃഷി വകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 56,500 പരോക്ഷ തൊഴിലവസരങ്ങളും വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്) 93,750 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
മറ്റ് പ്രധാന പദ്ധതികൾ
— സര്‍ക്കാരിന്‍റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും.
—ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും.
—അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.
—എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
—ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.
—ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.
—ജനങ്ങള്‍ക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നല്‍കുന്ന പദ്ധതി ആരംഭിക്കും.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
10,000 ഹെക്ടറില്‍ ജൈവ കൃഷി തുടങ്ങും.
—സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന പോലീസ്
റിസര്‍ച്ച് സെന്‍റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടത്തും.
—പുതിയ 23 പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.
—തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.
—കുട്ടനാട് പാക്കേജ് ഫേസ് 1 ന്‍റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മ്മാണവും തുടങ്ങും.
—കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളത്തെ ആമ്പല്ലൂര്‍, തിരുവനന്തപുരത്തെ
കാട്ടാക്കട, നഗരൂര്‍, കൊല്ലത്തെ കരീപ്ര എന്നീ കുഴല്‍കിണര്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
—8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്
കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും.
—പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും.
—കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.
—ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാര്‍ത്ഥികള്‍ക്ക് നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.
—18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്‍റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
—ഇടുക്കിയില്‍ എന്‍ സി സി യുടെ സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.
—കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണമാരംഭിക്കും.
— മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം
നടത്തും.
— കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും.
—75 പാക്സ് കാറ്റാമറൈന്‍ ബോട്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
—മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും.
യുഎഇ സന്ദർശനം
കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ മുതല്‍ മുടക്കാൻ കൂടുതൽ സംരഭകർ താൽപര്യമറിയിച്ചു. കേരളത്തിൽ മുതൽമുടക്കുന്ന നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നിക്ഷേപ ചർച്ചകൾക്കായി അബുദാബി ചേംബർ അധികൃതർ ഉടൻ കേരളത്തിലെത്തും.
സേനാവിഭാഗങ്ങൾക്ക് നന്ദി അറിയിച്ചു
മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ രംഗത്തെത്തിയ വിവിധ സേനാ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ബാബുവിന് ആവശ്യമായ തുടർ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികര്‍, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികര്‍, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരോട് നന്ദി പറയുന്നു. കേരള പോലീസ്, ഫയര്‍ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറല്‍ എ അരുണിനെ ഫോണില്‍ വിളിച്ചു നന്ദി അറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.