ബാബു പൂർണ ആരോഗ്യവാൻ ഇന്ന് വാർഡിലേക്ക് മാറ്റും; മല കയറിയതിന് വനം വകുപ്പ് കേസെടുക്കുമെന്ന് സൂചന
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും. കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.അതിനിടെ വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ വനംവകുപ്പ് കേസെടുത്തേക്കും. അനുമതിയില്ലാതെ കൂമ്പാച്ചി മല കയറിയതിനാണ് കേസെടുക്കുക.
ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ഇന്നലെ രാവിലെ 10.20നാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. നാല്‍പത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്.