കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറും തിരുവല്ല സ്വദേശിയുമായ കെ.കെ കെ.കെ. ജയരാജാണ് പിടിയിലായത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
വിരമിക്കാന്‍ രണ്ടുമാസംമാത്രം ബാക്കിയുള്ളപ്പോഴാണു ഇയാള്‍ കൈക്കൂലിക്കേസില്‍പ്പെടുന്നത്. മുഹമ്മ വലിയവീട് ബിനോയ് നല്‍കിയ പരാതിയിലാണ് നടപടി.
നഗരത്തില്‍ ബിനോയിയുടെ ഭാര്യയുടെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുവേണ്ടി കഴിഞ്ഞമാസം നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്ഥലപരിശോധന നടത്താന്‍ റവന്യു ഇന്‍സ്‌പെക്ടര്‍ തയ്യാറായില്ല. ബിനോയി 500 രൂപ കൈക്കൂലി നല്‍കിയപ്പോഴാണ് സ്ഥലപരിശോധന നടത്തിയതെന്നും സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ 10,000 രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
അത്രയും പണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പലതവണ പറഞ്ഞപ്പോള്‍ 2000 രൂപയെങ്കിലും വേണമെന്നു ജയരാജ് നിര്‍ബന്ധം പിടിച്ചുവെന്നു പറയുന്നു. തുടര്‍ന്നാണു ബിനോയി വിജിലന്‍സിനെ സമീപിച്ചത്.
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ നഗരസഭാ ഓഫീസിന് സമീപത്ത് വെച്ചാണ് പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ജയരാജിനെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈ.എസ്.പി. വി. ശ്യാംകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്, അശ്വനി, സുനില്‍കുമാര്‍, റെജി കുന്നിപ്പറമ്പന്‍, എസ്.ഐ. മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.