മലപ്പുറത്ത് കുഴൽപണം തട്ടിയെടുത്ത സംഭവം; സൂത്രധാരൻ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: കോഡൂരിൽ വച്ച് 80 ലക്ഷം കുഴൽ പണം തട്ടിയെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. സംഭവത്തിന്റെ സൂത്രധാരൻ വയനാട് പുൽപ്പള്ളി സ്വദേശി സുജിത്, എറണാകുളം സ്വദേശി ശ്രീജിത്ത് ഇവർക്ക് വയനാട്ടിൽ ഒളിത്താവളം ഒരുക്കി നൽകിയ ഷിജു എന്നിവരെയാണ് വയനാട്ടിൽ വെച്ച് മലപ്പുറം സിഐയും സംഘവും പിടികൂടിയത്.
കഴിഞ്ഞ നവംബറിൽ ആയിരുന്നു സംഭവം. അന്ന് 4 വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയാണ് പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന സംഘത്തെ തടഞ്ഞ് വാഹനം അടക്കം തട്ടികൊണ്ടു പോയത്. കുഴൽപ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊൻമള സ്വദേശികളുടെ പണമാണ് കവർച്ച ചെയ്തത്. രണ്ട് കാറുകളിലായി പോലീസ് ഉദ്യോഗസ്ഥർ ആണ് എന്ന് പറഞ്ഞാണ് ഇവർ എത്തിയത്.
ഹൈവേയിൽ വച്ച് കാർ തടഞ്ഞ സംഘം കാറിൽ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടികൊണ്ടു പോയി പണം കവർച്ച ചെയ്യുകയായിരുന്നു. രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 80 ലക്ഷം രൂപയാണ് അന്ന് ഈ സംഘം തട്ടിയെടുത്തത്. കേസ് അന്വേഷിച്ച മലപ്പുറം പോലീസ് ഈ സംഘത്തിലെ 7 പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ സുജിത്ത് ആണ് പണം തട്ടിയെടുക്കൽ ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറഞ്ഞു.
പണം കൊണ്ടു പോകുന്ന വിവരം മനസ്സിലാക്കിയതും അത് തട്ടിയെടുക്കാൻ ആളുകളെ ഒരുക്കിയതും എല്ലാം സുജിത്ത് ആണ്. എറണാംകുളം മൂക്കന്നൂർ സ്വദേശി വലിയോലിപറമ്പ് വീട്ടിൽ മൊട്ട സതീഷ് എന്ന സതീഷ് ആണ് സുജിത്തിന്റെ നിർദ്ദേശ പ്രകാരം മറ്റ് അംഗങ്ങളെ സജ്ജമാക്കിയത്. ഇയാളെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. വയനാട് നമ്പിക്കൊല്ലിയിലുള്ള വയൽ മൗണ്ട് റിസോർട്ടിനു സമീപമുള്ള ഒളിസങ്കേത ത്തിൽ നിന്നും മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ഈ മൂന്ന് പേരെ പിടികൂടിയത്.
പോലീസ് ഒളിസങ്കേതം വളയുന്നതിനിടയിൽ പോലീസിനെ വെട്ടിച്ചു വനത്തിലേക്ക് കടന്നു കളഞ്ഞ കേസിലെ സൂത്രധാരനും നിരവധി വധശ്രമ കേസിലും കാസർഗോഡ് മൂന്നര കോടി തട്ടിയ കേസിലെ മുഖ്യ പ്രതിയുമായ സുജിത്തിനെ മണിക്കൂറുകൾ തിരഞ്ഞാണ് കീഴ്പ്പെടുത്തിയത്.
ഒളിസങ്കേതത്തിൽ മുഖ്യപ്രതിയുടെ കൂടെ ഉണ്ടായിരുന്ന കാസറഗോഡ് മൂന്നര കോടി തട്ടിയ കേസിലും പുൽപള്ളി സ്റ്റേഷനിലെ വധശ്രമ കേസിലും ഉൾപ്പെട്ട ജോബിഷ് ജോസഫ്, അഖിൽ ടോം, അനു ഷാജി എന്നിവരെ കസ്റ്റഡിയിൽ എടുത്തു പുൽപള്ളി സ്റ്റേഷനിലേക്ക് കൈമാറി.
നേരത്തെ സുജിത്തിനെതിരെയും ജോബിഷ് ജോസഫ്നെതിരെയും കാസറഗോഡ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇത് വരേക്കും കുഴൽ പണം തട്ടിയെടുത്ത കേസിലേക്ക് പത്തു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇനി അഞ്ചോളം പേരെ പിടികൂടാനുണ്ട്.