കുർമ്പാച്ചി മലയിൽ കയറിയത് പ്രദേശവാസി
പാലക്കാട്: കുർമ്പാച്ചിമലയിൽ വീണ്ടും ആളുകൾ കയറിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണൻ എന്നയാളാണ് കുർമ്പാച്ചി മലയിൽ കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളിൽ നിന്നും മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തുടർച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് വനം വകുപ്പ് ജീവനക്കാർ ഈ മേഖലയിലേക്ക് പോകുകയും തെരച്ചിൽ നടത്തുകയുമായിരുന്നു. കുറുമ്പാച്ചി മലയിൽ കഴിഞ്ഞ ദിവസം ബാബു കയറിയ അതേ സ്ഥലത്താണ് വീണ്ടും ആളെ കണ്ടെത്തിയത്. രണ്ടോ അതിലധികമോ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാളെ മാത്രമാണ് കണ്ടെത്താനായത്.
മലയിൽ നിന്നും ലൈറ്റ് അടിയ്ക്കുന്നത് കണ്ടാണ് മലയിൽ ആളുകളുടെ സാന്നിധ്യമുണ്ടെന്ന മനസ്സിലായത്. മലയിടുക്കിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിനെയും കുറുമ്പാച്ചി മലയും കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. മല കയറിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.