മൂന്ന് ബോംബുകൾ; പ്ലാൻ ബി; വാളുമായി കാറിൽ അക്രമിസംഘം; കൊലപാതകത്തിൽ നടന്നത് വൻ ആസൂത്രണം
കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് ബോംബുകളാണ് അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ. പ്ലാൻ എ വർക്ക് ഔട്ട് ആയില്ലെങ്കിൽ പ്ലാൻ ബി പ്രാവർത്തികമാക്കാനും സംഘം ഗൂഢാലോചന നടത്തിയിരുന്നു. ഇതിനായി ഒരു കാറിൽ നാലംഗ സംഘം വിവാഹ വീടിനടുത്ത് എത്തുകയും വാൾ വീശുകയും ചെയ്തിരുന്നു എന്നാണ് വിവരം.
മൂന്ന് ബോംബുകളാണ് അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ആദ്യത്തേത് എറിഞ്ഞെങ്കിലും പൊട്ടിയില്ല. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലയ്‌ക്കാണ് കൊണ്ടത്. മൂന്നാമത്തേത് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി.
ബോംബ് എറിയുന്നതിന് മുൻപ് സംഭവസ്ഥലത്ത് വെച്ച് സംഘർഷം നടന്നിരുന്നു. ഇതിൽ ബോംബ് നിർമ്മിച്ച മിഥുന് അടിയേറ്റു. തുടർന്ന് മിഥുൻ വടിവാൾ വീശുകയും ചെയ്തു. ഇതിനിടെയാണ് അക്ഷയ് ബോംബ് എറിഞ്ഞത്. കൊലപാതകം നടക്കുന്നതിന് തലേദിവസവും അക്രമികൾ ബോംബ് പരീക്ഷണം നടത്തിയിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. വിവാഹവീട്ടിലെ തർക്കത്തിന് പിന്നാലെ തോട്ടടയിലെ സംഘത്തിനെ നേരിടാൻ മിഥുനും കൂട്ടാളികളും വലിയരീതിയിലുള്ള ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.