ഓൺലൈൻ തട്ടിപ്പിന് പുതിയ മാർഗ്ഗം; സ്‌ക്രീൻ ഷെയറിങ്: മുന്നറിയിപ്പുമായി ബാങ്കുകൾ
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പുകാർ. ബാങ്കുകളുടേതിനു സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. ഒട്ടേറെപ്പേരിൽനിന്ന് പണം നഷ്ടമായതോടെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ച് നടക്കുന്ന തട്ടിപ്പിൽ പലർക്കും ലക്ഷങ്ങൾ നഷ്ടമായതായി പോലീസിന് പരാതിലഭിച്ചിട്ടുണ്ട്. ഒറ്റത്തവണ പാസ്‌വേഡ് കൈക്കലാക്കി പണംതട്ടുന്ന രീതി ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്ന് പോലീസ് പറയുന്നു.
പുതിയ തട്ടിപ്പ്: സ്‌ക്രീൻ പങ്കുവെക്കൽ
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്‌ക്രീൻ പങ്കുെവക്കൽ ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. സ്‌ക്രീൻ പങ്കുെവക്കൽ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.
ഇത്തരത്തിലുള്ള ചില ആപ്ളിക്കേഷനുകൾ
- എനി ഡെസ്‌ക് റിമോട്ട് ഡെസ്‌ക്‌ടോപ് സോഫ്റ്റ്‌വേർ
- ടീം വീവർ റിമോട്ട് കൺട്രോൾ
- എയർ ട്രോയിഡ് ഫയൽ ആൻഡ് റിമോട്ട് ആക്സസ്
- സ്‌ക്രീൻ ഷെയർ റിമോട്ട് അസിസ്റ്റന്റ്
- ടീം വീവർ ക്വിക് സപ്പോർട്ട്
- എയർ മിറർ റിമോട്ട് കൺട്രോൾ
- റെമോട്രോയിഡ്
- വി.എൻ.സി. വ്യൂവർ റിമോട്ട് ഡെസ്‌ക്‌ടോപ്
- ടീം വീവർ ഹോസ്റ്റ്
- ബാങ്കുകൾ ആവശ്യപ്പെടില്ല
- ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യസ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഒരു ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടാറുമില്ല.
- ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കണം.
- ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്.