പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; അധികൃതർ വിലക്കിയിട്ടും ബന്ധുക്കൾ സമ്മതിച്ചില്ല; പോലീസെത്തി വിവാഹം തടഞ്ഞു

മലപ്പുറം: 18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു.

പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസർ ആശാ റാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വിവാഹം തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.

പെൺകുട്ടിയുടെ വീട്ടിലെത്തിയ അധികൃതർ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നാവശ്യപ്പെട്ടു. എന്നാൽ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു. തുടർന്ന് ശൈശവ വിവാഹ നിരോധന ഓഫീസർ പൊന്നാനി മുൻസിഫ് കോടതിയിൽ റിപ്പോർട്ട് നൽകി.

തുടർന്ന് പോലീസ് എത്തി വിവാഹം നിർത്തിവെപ്പിച്ചു. പൊന്നാനി മുൻസിഫ് കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു പോലീസ് നടപടി. മലപ്പുറം ജില്ലയിലെ പലഭാഗങ്ങളിലും സമാന സംഭവങ്ങൾ തുടർക്കഥയാണ്.