കപ്പലിലെ തീയണയ്ക്കാനാവുന്നില്ല; കത്തിയമര്‍ന്ന് 4000 കാറുകള്‍
അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പോർച്ചുഗലിലെ അസോരസ് ദ്വീപുകളുടെ തീരത്തുവെച്ചാണ് കപ്പലിന് തീ പിടിച്ചത്. പോർഷെ, ഓഡി, ബെന്‍റ‍്‍ലി, ലംബോര്‍ഗിനി എന്നിവ ഉൾപ്പെടെ നാലായിരത്തോളം വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാര്‍ അന്നുതന്നെ കപ്പലില്‍ നിന്ന് പുറത്തുകടന്നു.
തീ അണയ്ക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ക്യാപ്റ്റൻ ജോവോ മെൻഡസ് കാബിയാസ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം അയൺ ബാറ്ററികൾ കാരണം തീ അണയ്ക്കുന്നതിന് തടസ്സം നേരിടുന്നു. ബാറ്ററിയില്‍ നിന്നാണോ തീ പടർന്നതെന്ന് വ്യക്തമല്ല. സാധാരണ രീതിയിലുള്ള അഗ്നിശമന സംവിധാനങ്ങൾ ഇവിടെ പ്രായോഗികമല്ലെന്നു വിദഗ്ധർ പറഞ്ഞു. കപ്പലിന്റെ ഇന്ധന ടാങ്കിനടുത്തുവരെ തീ എത്തി എന്നാണു സൂചന. ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ കപ്പൽ പൂർണമായി കത്തിത്തീരാനാണ് സാധ്യത. യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തേക്ക് കപ്പല്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ ഇത് എപ്പോള്‍ സാധ്യമാകുമെന്ന് അറിയില്ല.