അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ



കണ്ണൂര്‍: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം നടത്തിയ SDPI പ്രവർത്തകൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചാലാട്ടാണ് സംഭവം. ചാലാട് പോസ്റ്റ് ഓഫീസിന് സമീപത്തെ ഖദീജ മന്‍സിലില്‍ ഫര്‍ഹാന്‍ ഷേഖ് (19) ആണ് അറസ്റ്റിലായത്. കേസിലെ 38 പ്രതികൾക്ക് വധശിക്ഷ വിധിച്ച കോടതി ഉത്തരവിനെതിരെ ആയുധമെടുത്ത് പ്രകടനം നടത്തുകയും പോലീസുകാർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്തതിനാണ് ഫർഹാനെ അറസ്റ്റ് ചെയ്തത്. ഫർഹാന്റെ പക്കൽ നിന്നും 22 സെന്റിമീറ്റർ നീളമുള്ള പ്രത്യേക ആകൃതിയിലുള്ള വിദേശ നിർമ്മിത കത്തിയും പോലീസ് പിടിച്ചെടുത്തു.

പ്രകോപനമരമായ രീതിയിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയായിരുന്ന ഇരുപതോളം SDPI പ്രവർത്തകരെ കണ്ണൂർ ടൗൺ പോലീസ് തടഞ്ഞു. ഇതിൽ നിന്നും ചിലർ ഓടിപ്പോയി. എന്നാൽ ഫർഹാൻ അടക്കമുള്ള ചിലർ പോലീസുമായി വാക്കേറ്റം നടത്തി. പോലീസ് ഇവരെ പിടികൂടി. തുടർന്ന് നടത്തിയ ശരീര പരിശോധനയിലാണ് ഫർഹാന്റെ അരയിൽ നിന്നും ആയുധം കണ്ടെത്തിയത്. പോലീസ് ആയുധം പിടിച്ചെടുക്കുന്നതിനിടെയായിരുന്നു ഫർഹാൻ ഭീഷണി മുഴക്കിയത്. ആയുധം വാങ്ങാൻ അറിയുമെങ്കിൽ അത് ഉപയോഗിക്കാനും അറിയാം എന്നായിരുന്നു പോലീസിനെതിരെ ഫർഹാൻ ഭീഷണി മുഴക്കിയത്. ഇതേ തുടർന്നായിരുന്നു ഫർഹാന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

2008ല്‍ അഹമ്മദാബാദിലുണ്ടായ സ്ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്ജി എ ആർ പട്ടേലാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങൾ നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതിവെട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.