ആര്‍എസ്എസ് പ്രവര്‍ത്തകനുമായി വിവാഹം; സിപിഐഎം മെമ്പര്‍ രാജിവെച്ചു

കണ്ണൂര്‍: ആര്‍എസ്എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സിപിഐഎം പഞ്ചായത്ത് മെമ്പര്‍ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് മെമ്പര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചത്. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയും ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരന്‍.

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മിയെ കാണാതാവുന്നത്. തുടര്‍ന്ന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിപ്പെട്ടതോടെ ഇരുവരും ചൊവ്വാഴ്ച പൊലീസിനുമുമ്പാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചു.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ശ്രീലക്ഷ്മി ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.മെമ്പര്‍ രാജിവെച്ചതോടെ എല്‍ഡിഎഫ് ഭരിക്കുന്ന തിക്കോടിയിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വരും. നിലവില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഏഴും സീറ്റുകളായത് കൊണ്ട് ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിക്ക് ഭീഷണിയാവില്ല.