യുക്രെയിൻ സേന മലയാളി വിദ്യാർത്ഥികളെ മർദിച്ചു

കീവ്: പോളണ്ട് അതിർത്തിയിലെ ഷെഹ്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. തന്നെ യുക്രെയിൻ സേന മർദിച്ചെന്ന് ഷെഹ്നിയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനി എയ്ഞ്ചൽ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

‘വിവിധ സ്ഥലങ്ങളിൽ നിന്ന് പോളണ്ടിലേക്ക് പോകാൻ എത്തിയ ഒത്തിരി വിദ്യാർത്ഥികൾ ഇവിടെയുണ്ട്. യുക്രെയിൻ സേന അവരെ തിരിച്ചയക്കുകയാണ്. വായുവിലേക്ക് വെടിവച്ചും, ലാത്തിചാർജിലൂടെയുമാണ് തിരിച്ചയക്കാൻ നോക്കുന്നത്. കൂട്ടം കൂടി നിൽക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്. പിള്ളേര് വീഴുകയാണ്.

ഇങ്ങനെയല്ല വിദേശ പൗരന്മാരുടെയടുത്ത് യുക്രെയിൻ സേന പെരുമാറേണ്ടത്. ചോദ്യം ചെയ്തപ്പോൾ അടിച്ചു. എന്നെ പിടിച്ച് റോഡിലേക്ക് തള്ളി. ഇങ്ങനെയല്ല ഞങ്ങൾ സഹായം പ്രതീക്ഷിക്കുന്നത്.’- എയ്ഞ്ചൽ പറഞ്ഞു. അൽപം മുൻപ് മകൾ തന്നെ വിളിച്ചിരുന്നുവെന്ന് എയ്ഞ്ചലിന്റെ പിതാവ് പ്രതികരിച്ചു. നേരത്തെ ടിക്കറ്റ് എടുത്തിരുന്നെങ്കിലും അവൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി