ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ യൂണിവേഴ്‌സിറ്റിയില്‍; ആശങ്ക പങ്കുവച്ച് മലയാളി വിദ്യാര്‍ഥിനി

ഖാര്‍കീവ്: ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ ഖാര്‍കീവ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണെന്ന് മലയാളി വിദ്യാര്‍ഥിനി സ്വാന്തന.

ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകളാണ് യൂണിവേഴ്‌സിറ്റിയുടെ കൈവശമുള്ളത്. ഡോക്യൂമെന്റഷന്റെ ഭാഗമായാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുപോയത്. ഇതിനിടയിലാണ് യുദ്ധം ആരംഭിച്ചത്. അതുകൊണ്ട് തിരികെ വാങ്ങാന്‍ സാധിച്ചില്ലെന്ന് സ്വാന്തന പറഞ്ഞു. ഇപ്പോള്‍ തങ്ങുന്ന ബങ്കറില്‍ 400 പേരാണ് കഴിയുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ നാല് ദിവസമായി ഇവിടെ തന്നെയാണ്. ഇപ്പോഴും വെടിവെപ്പ് ശബ്ദം കേള്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് പുറത്ത് പോകാത്തതെന്നും സ്വാന്തന പറഞ്ഞു.

കീവില്‍ ഓയില്‍ ഡിപ്പോ റഷ്യ തകര്‍ത്തതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് മലയാളി വിദ്യാര്‍ഥിയായ അഫ്‌സല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ”യൂണിവേഴ്‌സിറ്റിയുടെ എതിര്‍ഭാഗത്തായിരുന്നു ഓയില്‍ ഡിപ്പോ. പൊട്ടിത്തെറിക്കുന്നത് നേരിട്ട കണ്ടു. രാവിലെ മുതല്‍ പൊട്ടിത്തെറി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.”

യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് അഫ്‌സല്‍ നടത്തിയത്.

”എന്ത് അടിസ്ഥാനത്തിലാണ് ബോര്‍ഡറിലേക്ക് എത്താന്‍ എംബസി പറഞ്ഞതെന്ന് മനസിലായിട്ടില്ല. അവര്‍ വ്യക്തമായ നിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ല. ചിലസമയങ്ങളില്‍ ഫോണില്‍ വിളിച്ചാല്‍ പോലും അവരെ കിട്ടില്ല. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. 10 ശതമാനം വിദ്യാര്‍ഥികളെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.”

”രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളത്. പുറത്തിറങ്ങാനും ബുദ്ധിമുട്ടാണ്. പലരുടെയും ആരോഗ്യ സ്ഥിതിയും മോശമാണ്. ബങ്കറില്‍ കഴിയുന്ന പലരും രോഗികളുമാണ്.”-അഫ്‌സല്‍ പറഞ്ഞു.