അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ, മരണപ്പെട്ടവരിൽ കുട്ടികളും
കീവ്: റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുക്രെയിൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേർക്ക് പരിക്കേറ്റു. തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയിനിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്.
റഷ്യൻ സേന കീവ് നഗരം പൂർണമായും വളഞ്ഞു. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് അസാദ്ധ്യമാണെന്ന് കീവ് മേയർ പറഞ്ഞു.
ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്ത സ്ഥിതിയാണെന്ന് അധികൃതർ വ്യക്തമാക്കി. റഷ്യയ്‌ക്ക് 4300 സൈനികരെയും 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്‌ടമായതായി യുക്രെയിൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ അവകാശപ്പെട്ടു.