മുപ്പതോളം സിപിഎമ്മുകാർ എസ്ഡിപിഐയിലേക്ക്
അടൂർ: ജില്ലാ കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എസ്. മനോജിന്റെയും ഏരിയാ കമ്മറ്റി അംഗം ശ്രീനി മണ്ണടിയുടെയും നാട്ടിൽ സിപിഎമ്മിൽ വൻ കൊഴിഞ്ഞു പോക്ക്. തങ്ങളുടെ യുവാക്കളെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ചെയ്യാനും ഗുണ്ടായിസത്തിനും നിയോഗിക്കുകയും അവസാനം കേസിൽപ്പെടുമ്പോൾ കൈകഴുകുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സിപിഎം കുടുംബങ്ങൾ എസ്ഡിപിഐയിലേക്ക് മാറിയിരിക്കുന്നത്. എന്നാൽ, ഇവരെ കബളിപ്പിച്ച് പാർട്ടി മാറ്റിയതാണെന്ന തരത്തിൽ ഒരു പ്രചാരണം സിപിഎമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും ജനം വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ സിപിഎം കുടുംബങ്ങൾ എസ്ഡിപിഐയിലേക്ക് ചേരുന്നതിനായുള്ള ചർച്ചയും മുറുകുന്നു.
ഏരിയാ കമ്മറ്റി അംഗമായ ശ്രീനി മണ്ണടിയെയും സെക്രട്ടറി എസ്. മനോജിനെയും പ്രതിക്കൂട്ടിലാക്കിയാണ് പാർട്ടി വിട്ടവരുടെ പ്രതികരണം. മണ്ണടി കൂനംപാല വിളയിൽ മുപ്പതു കുടുംബങ്ങളാണ് സിപിഎം വിട്ട് എസ്ഡിപിഐയിൽ ചേർന്നത്. സിപി.എം നേതാക്കൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നുവെന്നും ഗുണ്ടായിസത്തിനും മറ്റും പറഞ്ഞു വിട്ട് കേസിൽ കുടുക്കുന്നുവെന്നും ആരോപിച്ചാണ് ഇവർ പാർട്ടി ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. കൂടുതൽ പേരെ എസ്ഡിപിഐയിലെത്തിക്കാൻ ചർച്ച നടന്നു വരികയാണ്. എസ്ഡിപിഐ നേതാവിന്റെ സഹോദരനായ പാർട്ടി അംഗം മുഖേനെയാണ് ഇതിനുള്ള ചരടു വലികൾ നടക്കുന്നത്. പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമായി പ്രവർത്തിക്കുന്ന ചിലരും ഇവിടെയുണ്ട്. അവരും പാർട്ടി മാറ്റത്തിനായി സിപിഎം കുടുംബങ്ങളെ സമീപിക്കുന്നുണ്ട്. ഈ നീക്കം തടയാനും പാർട്ടിക്ക് കഴിയുന്നില്ല.
ഒരു സിപിഎം പ്രവർത്തകൻ അയൽവാസിയുമായുണ്ടായ തർക്കത്തിൽ ജയിലിൽ പോകേണ്ടി വന്നിരുന്നു. ഭരണവും ഏരിയാ സെക്രട്ടറിയുമൊക്കെ ഒപ്പമുണ്ടായിരുന്നിട്ടും ഇയാൾക്ക് ജയിലിൽ പോകേണ്ടി വന്നതാണ് മറ്റു ചിലരെയും പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. ഇവർ സഹായിക്കുമെന്ന് കരുതിയാണ് വഴക്കിന് പോയത്. എന്നാൽ, പൊലീസ് എടുത്ത കേസിൽ ഇടപെടാൻ പാർട്ടി നേതാക്കൾക്ക് കഴിഞ്ഞില്ല.
സിഐടിയു ടിംബർ വർക്കേഴ്സ് യൂണിയനിൽപ്പെട്ട തൊഴിലാളിയും സിപിഎം ഊരാന്തളിൽ ബ്രാഞ്ച് കമ്മറ്റിയംഗവുമായ കണ്ണൂർ എന്ന് വിളിക്കുന്ന ഷാനവാസ് തടി വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മരണമടഞ്ഞിരുന്നു. ഇദ്ദേഹത്തിന് കാര്യമായ സഹായം പാർട്ടിയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ല. തുച്ഛമായ ഒരു തുകയാണത്രേ പാർട്ടി സമാഹരിച്ച് നൽകിയത്. എന്നാൽ, ഷാനവാസിന്റെ കുടുംബത്തെ സഹായിക്കാൻ എസ്ഡിപിഐ മുന്നോട്ടു വന്നു. ഷാനവാസിന്റെ മരണത്തോടെ വീടു പണി മുടങ്ങിക്കിടക്കുകയാണ്. സുമനസുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ധനസമാഹരണം നടത്തി നിർമ്മാണം പൂർത്തിയാക്കാനുള്ള ദൗത്യം എസ്ഡിപിഐ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെയാണ് കൂടുതൽ സിപിഎം പ്രവർത്തകരും അനുഭാവികളും എസ്ഡിപിഐയിൽ ചേരുന്നതിന് ചർച്ച നടക്കുന്നത്.
ഏരിയാ സെക്രട്ടറിയുടെയും കമ്മറ്റി അംഗത്തിന്റെയും സ്വന്തം പ്രദേശത്ത് ഉണ്ടായിരിക്കുന്ന ഈ കനത്ത തിരിച്ചടി സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
മുസ്ലിം വിഭാഗത്തിൽപ്പെട്ട നിരവധി സിപിഎം പ്രവർത്തകരും അനുഭാവികളും എസ്ഡിപിഐയിലേക്ക് പോകുവാൻ നേതൃത്വമായി ചർച്ച നടക്കുന്നു.പാർട്ടി മാറുന്ന വിവരം നേതാക്കളെ അറിയിച്ചിരുന്നുവെന്ന് പറയുന്നു.
എസ്ഡിപിഐക്കാരനായ ബുഹാരിയെ സിപിഎമ്മിന്റെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വനിരയിലേക്ക് കൊണ്ടുവന്നതിൽ ഏനാത്തെ പാർട്ടിയിലും യുവജന സംഘടനകളിലും വൻ എതിർപ്പും അമർഷവുമാണ്. ഇതൊക്കെ കൊണ്ടാണ് നിലവിൽ സിപിഎം വിട്ട് പലരും എസ്ഡിപിഐയിലേക്ക് പോകുന്നത് എന്ന് ഇവർ ആരോപിക്കുന്നു.