ചർച്ചയിൽ വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാടുകളിൽ ഉറച്ച് റഷ്യയും യുക്രെയ്‌നും

കീവ് : യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച അവസാനിച്ചു. ഏകദേശം അഞ്ചര മണിക്കൂറോളമാണ് ചർച്ച നീണ്ടത്. രാജ്യത്ത് നിന്നും റഷ്യൻ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന് ചർച്ചയിൽ യുക്രെയ്ൻ ആവശ്യപ്പെട്ടു.

വൈകീട്ട് അഞ്ച് മണിയ്‌ക്ക് ശേഷം ആയിരുന്നു ബെലാറൂസിൽ ഇരു രാജ്യങ്ങളിലെ പ്രതിനിധികളും ചർച്ച ആരംഭിച്ചത്. വെടി നിർത്തൽ കരാർ എന്ന ആവശ്യമാണ് ചർച്ചയിൽ പ്രധാനമായും യുക്രെയ്ൻ ഉന്നയിച്ചത്. രാജ്യത്ത് നിന്നും റഷ്യൻ സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ യുക്രെയ്ൻ ഉറച്ചുനിന്നു. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ ഒരുപോലെ പൂർത്തീകരിക്കുന്ന പരിഹാരമാണ് തങ്ങൾക്ക് ആവശ്യമെന്ന് റഷ്യൻ പ്രതിനിധികളും വ്യക്തമാക്കി. ചർച്ചയ്‌ക്ക് ശേഷം കൂടുതൽ കൂടിയാലോചനകൾക്കായി പ്രതിനിധികൾ രാജ്യതലസ്ഥാനങ്ങളിലേക്ക് മടങ്ങി. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവന്നിട്ടില്ല. ചർച്ചയിൽ സമാധാനം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള കൂടുതൽ ചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയിട്ടുണ്ട്.

അതേസമയം സമാധാന ചർച്ചകൾക്കിടയിലും റഷ്യ യുക്രെയ്‌നിൽ ആക്രമണം തുടർന്നു. മൂന്ന് സ്‌ഫോടനങ്ങളാണ് ചർച്ചയ്‌ക്കിടെ കീവിൽ റഷ്യൻ സൈന്യം നടത്തിയത്.