വീട് പണിതുതരാമെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ തട്ടിയത് ലക്ഷങ്ങൾ

വയനാട്: വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ, മതപുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൾ മജീദ് സഖാഫിയാണ് സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

‘അഹ്ലുസുന്ന എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സന്നദ്ധസംഘടനയുടെ മറവിൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുമെന്നായിരുന്നു അബ്ദുൾ മജീദിന്റെ വാഗ്ദാനം. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമ്മിച്ചു നൽകാമെന്നായിരുന്നു ഇയാൾ വാഗ്ദാനം നൽകിയിരുന്നത്. ഇതിന്റെ പേരിൽ വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. അഹ്ലുസ്സുന്ന എഡ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

ബത്തേരി സ്വദേശിയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുൾ മജീദ് അറസ്റ്റിലായത്. ബത്തേരി സ്വദേശിയിൽ നിന്ന് വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 2020-ൽ രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിർമിച്ചുനൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറു മാസംകൊണ്ട് വീടുകൾ നിർമിച്ചുനൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.