ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി

മലപ്പുറം: പാണക്കാട്ടെ തണൽമരം ഇനി ജനഹൃദയങ്ങളിൽ. പതിനായിരങ്ങളെ സാക്ഷിനിർത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ​ ​ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി. പാണക്കാട്​ ജുമാമസ്​ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 2:30- ഓടെയായിരുന്നു ഖബറടക്കം. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും ചാരെയാണ് ഇനി ഹൈദരലി തങ്ങൾക്ക് നിത്യവിശ്രമം.

പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകി.

നേരത്തെ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു​ ഖബറടക്കം നിശ്ചയിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത്​ നേരത്തെയാക്കുകയായിരുന്നു. മൃതദേഹം പുലർച്ചെ 12.15 ഓടെ​ പൊതുദർശനത്തിന്​ വെച്ച മലപ്പുറം ടൗൺഹാളിൽനിന്നും പാണക്കാട്ടെ വീട്ടിലേക്ക്​ കൊണ്ടുപോയി. തുടർന്ന്​ ഇവിടെനിന്നും ഒരു മണിയോടെ പള്ളിയിലെത്തിച്ച്​ മയ്യിത്ത്​ നമസ്കാരത്തിന്​ ശേഷം ഖബറടക്കുകയായിരുന്നു.

പൊതുദർശന സ്ഥലത്ത്​ രാത്രി 11ന്​ ശേഷം അസാധാരണ തിരക്കാണ്​ അനുഭവപ്പെട്ടത്​. തിരക്ക്​ നിയന്ത്രിക്കാൻ വളന്‍റിയർമാരും പൊലീസും ഏറെ പ്രയാസപ്പെട്ടു. പലർക്കും തിരക്കി​ൽപ്പെട്ട് പരിക്കേറ്റു. ഖബറടക്കം നേരത്തെയാക്കിയതോടെ മണിക്കൂറുകൾ കാത്തുനിന്ന ആയിരങ്ങൾ മൃതദേഹം കാണാനാകാതെ മടങ്ങേണ്ടി വന്നു.