കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അ‍‍ജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ഇന്ത്യയെ ഞെട്ടിച്ച കാണ്ഡഹാർ വിമാനം റാഞ്ചൽ നടത്തിയ ഭീകരരിൽ ഒരാളായ സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഭീകരനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഇവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാർച്ച് ഒന്നിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിന് അവസാനം കണ്ടത് 1999 ഡിസംബർ 31 നായിരുന്നു. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുത്തു പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ കാണ്ഡഹാറിലേക്കു കൊണ്ടുപോയത് 1999 ഡിസംബർ 24നായിരുന്നു.

ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകര്‍ക്ക് മുന്നിൽ ഒടുവിൽ സർക്കാർ കീഴടങ്ങി. രാജ്യാന്തര ഭീകരരായ മസൂദ് അസ്ഹറും ഒമർ ഷെയ്ഖും ഉൾപ്പെടെ മൂന്നു പേരെ അന്ന് കൈമാറേണ്ടി വന്നിരുന്നു.