റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടനും
ലണ്ടൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും.ഇരു രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. ഇന്ധനവില ഉയരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നിരോധന വാർത്ത പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകങ്ങളും കൽക്കരിയും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് ബൈഡൻ പറഞ്ഞു. പുടിന്റെ നിലപാടിന് അമേരിക്കൻ ജനത മറ്റൊരു ശക്തമായ തിരിച്ചടി നൽകുന്നുവെന്ന് ബൈഡൻ പറഞ്ഞു.
അമേരിക്ക റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് നിമിഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടനും തീരുമാനം അറിയിച്ചത്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയ്‌ക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ എണ്ണയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റിന് മേൽ യുഎസ് കോൺഗ്രസിന്റെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ തീരുമാനം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പും നൽകിയിരുന്നു.എന്നാൽ ഒടുവിൽ നിരോധനമെന്ന തീരുമാനത്തിലേയ്‌ക്ക് അമേരിക്ക എത്തുകയായിരുന്നു. എണ്ണ ഇറക്കുമതി വെട്ടികുറയ്‌ക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി യുഎസിനോടും പാശ്ചാത്യ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉരു രാജ്യങ്ങളും റഷ്യൻ എണ്ണയ്‌ക്ക് നിരോധനമേർപ്പെടുത്തിയത്.
റഷ്യയിൽ നിന്നുള്ള എണ്ണയുടേയും അനുബന്ധ ഉൽപ്പന്നങ്ങളുടേയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായും ഒഴിവാക്കുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.റഷ്യൻ എണ്ണ ഉപഭോഗത്തിൽ നിന്ന് യൂറോപ്പ് ഘട്ടം ഘട്ടമായി പിൻതിരിയണമെന്നാണ് ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരിക്കുന്നത്. കനേഡിയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയായിരുന്നു ബോറിസിന്റെ പ്രസ്താവന.യൂറോപ്യൻ യൂണിയന്റെ ഉപഭോഗത്തിനുള്ള 40 ശതമാനം ഗ്യാസും 30 ശതമാനം എണ്ണയും റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. യുകെ എണ്ണ ആവശ്യത്തിന്റെ എട്ടു ശതമാനം മാത്രമാണ് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. വ്യാപാരികൾ,വിതരണ ശൃംഖലകൾ,എന്നിവയ്‌ക്ക് റഷ്യൻ കമ്പനികൾക്കുപകരം പുതിയ കമ്പനികളുമായി കരാറിൽ എത്തുന്നതിനാണ് നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്.
നേരത്തെ ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിയ്‌ക്കുന്ന ബഹുരാഷ്‌ട്ര കമ്പനി ഷെൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയിരുന്നു. വാരാന്ത്യത്തിൽ റഷ്യൻ ക്രൂഡ് ഓയിൽ കുറഞ്ഞ വിലയ്‌ക്ക് വാങ്ങിയത് വിമർശനത്തിന് കാരണമായതിന് പിന്നാലെയായിരുന്നു ഇറക്കുമതി നിർത്തി വെച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കുന്നത് ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുന്നതിന് കാരണമാകും. യുഎസ് റഷ്യൻ എണ്ണയുടെ ഇറക്കുമതി നിരോധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ഇന്ന് എണ്ണവില 2008 ന് ശേഷമുള്ള ഏറ്റവും കൂടിയ നിലയിലേക്ക് ഉയർന്നിരുന്നു.
തങ്ങൾക്കെതിരെ എണ്ണ ഉപരോധമടക്കമുള്ളവ തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു.പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം തുടരുകയാണെങ്കിൽ ജർമ്മനിയിലെ വാതക പൈപ്പ്ലൈൻ നിർത്തിവയ്‌ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലെക്സാണ്ടർ നൊവാക് മുന്നറിയിപ്പ് നൽകിയിരുന്നു.. റഷ്യൻ എണ്ണ നിരോധിക്കുകയാണെങ്കിൽആഗോള വിപണിയിൽ തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് നൊവാക് മുന്നറിയിപ്പ് നൽകി.
നിലവിലുള്ള ബാരലിന് 300 ഡോളർ എന്നതിനും ഇരട്ടിയിലേറെയാകും ഇന്ധനവില. യൂറോപ്യൻ വിപണിയിൽ റഷ്യൻ എണ്ണയ്‌ക്ക് ബദൽമാർഗങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തുക അസാധ്യമാകും. വർഷങ്ങളെടുക്കുമെന്നു മാത്രമല്ല, യൂറോപ്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതുമാകുമത്. അതുകൊണ്ടുതന്നെ ഈ ഉപരോധങ്ങൾ കാരണം വലിയ തോതിൽ അവർക്ക് അനുഭവിക്കേണ്ടിവരുമെന്നും അലെക്സാണ്ടർ നൊവാക് കൂട്ടിച്ചേർത്തു.എന്നാൽ മുന്നറിയിപ്പൊന്നും വകവെയ്‌ക്കാതെയാണ് യുഎസും ബ്രിട്ടനും ഇപ്പോൾ കടുത്ത തീരുമാനമെടുത്തത്.