കോൺഗ്രസിൽനിന്ന് കൂറുമാറി സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ വനിതാ അംഗത്തിന് അയോഗ്യത
ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയായി പ്രഖ്യാപിച്ചു. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിലക്കുണ്ട്. ഇതോടെ ടിസ്സിക്ക് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും നഷ്ടമാകും. എന്നാൽ 9 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ എൽഡിഎഫ് ഭരണത്തെ കമ്മീഷന്റെ വിധി ബാധിക്കില്ല. മൂന്ന് അംഗങ്ങൾ മാത്രമാണ് ഇവിടെ യുഡിഎഫിനുള്ളത്.
മൂന്ന് വർഷം മുമ്പാണ് കോൺഗ്രസിൽ നിന്നുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടിസ്സി ബിനു കൂറുമാറി സിപിഎം പിന്തുണയോടെ പ്രസിഡന്റായത്. 2019ൽ തന്നെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ടിസ്സി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് തുടർ നടപടികൾ വൈകി. ടിസ്സി ബിനു പല തവണ ഹിയറിങ്ങിൽ പങ്കെടുക്കാത്തതും തുടർ നടപടികൾ വൈകാൻ കാരണമായി. തുടർന്ന് 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി കുംഭപ്പാറ വാർഡിൽ നിന്ന് വിജയിച്ച ടിസ്സി ബിനു വീണ്ടും പ്രസിഡന്റായി. ഇതോടെ ആറ് മാസം മുമ്പ് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കമ്മീഷന്റെ അന്തിമ വിധി വരാൻ പിന്നെയും മൂന്ന് മാസം വൈകി. തുടർന്ന് കോൺഗ്രസ് ഹൈക്കോടതിയിൽ വീണ്ടും കോടതിയലക്ഷ്യ ഹർജി നൽകി. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയതോടെയാണ് ഹിയറിങ് പൂർത്തിയാക്കി ടിസ്സി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിച്ചു കൊണ്ട് കമ്മീഷന്റെ ഉത്തരവ് വന്നത്.
ഏറെ കാലത്തിനു ശേഷമായിരുന്നു 2015ൽ രാജകുമാരി പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിക്കുന്നത്. കോൺഗ്രസ്- 5, കേരള കോൺഗ്രസ് (എം)- 2, സിപിഎം- 6 എന്നിങ്ങനെയായിരുന്നു സീറ്റ് നില. കോൺഗ്രസിലെ പി ടി എൽദോയ്ക്ക് ആദ്യ മൂന്ന് വർഷവും തുടർന്ന് കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾക്ക് ഓരോ വർഷവും പ്രസിഡന്റ് സ്ഥാനം നൽകാനായിരുന്നു യുഡിഎഫ് ധാരണ. കോൺഗ്രസ് സ്ഥാനാർഥിയായി പത്താം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച ടിസ്സി ബിനു ആദ്യത്തെ മൂന്നു വർഷം വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.
യുഡിഎഫ് ധാരണയനുസരിച്ച് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകേണ്ട സമയമായപ്പോൾ കേരള കോൺഗ്രസ് (എം) പ്രതിനിധിയായിരുന്ന പ്രസിഡന്റ് വർഗീസ് ആറ്റുപുറം രാജി വച്ചു. എന്നാൽ തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഞെട്ടിച്ച് ടിസ്സി ബിനു മത്സരിച്ചു. സിപിഎമ്മിന്റെ 6 അംഗങ്ങളുടെ പിന്തുണയോടെ ടിസ്സി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി കുംഭപ്പാറ വാർഡിൽ നിന്ന് വിജയിച്ച ടിസ്സി ബിനു വീണ്ടും പ്രസിഡന്റാവുകയായിരുന്നു.
കോൺഗ്രസിന് വേണ്ടി അഭിഭാഷകരായ വിനോദ് കൈപ്പാടിയിലും അരുൺ തോമസ് ചാമക്കാലായിലുമാണ് ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നതറിഞ്ഞ് യുഡിഎഫ് പ്രവർത്തകർ രാജകുമാരിയിൽ പ്രകടനം നടത്തി.