മാർച്ച് 27 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പഴയപടി; യാത്രാനിരക്ക് 40% കുറഞ്ഞേക്കും

ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് നിർത്തലാക്കിയ അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ മാസം 27 മുതൽ സർവീസുകൾ പഴയപടി തുടങ്ങുമെന്നിരിക്കെ യാത്ര നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

വിദേശത്തേക്കും, ഇന്ത്യയിലേക്കും സർവീസുകൾ കൂട്ടാനാണ് വിമാന കമ്പനികളുടെ നീക്കം. ഇതോടെ വിമാനയാത്രാ നിരക്കുകളിൽ കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്. സർവീസുകൾ കൂടുമ്പോൾ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന യാത്രാനിരക്കിലേക്ക് എത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊറോണ മഹാമാരി ആരംഭിച്ചത് മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിർത്തി വെച്ച് എയർ ബബിൾ സംവിധാനത്തിൽ പ്രത്യേക സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. രണ്ട് വർഷത്തിനപ്പുറം കൊറോണ വ്യാപനം കുറഞ്ഞതിനാൽ സർവീസുകൾ പഴയപടിയാക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിക്കുകയായിരുന്നു.

ഇതിന് മുമ്പ് ഇത്തരത്തിൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. എങ്കിലും അപ്രതീക്ഷിതമായെത്തിയ ഒമിക്രോൺ വകഭേദം കണക്കുകൂട്ടലുകൾ തെറ്റിച്ചു. വീണ്ടും വിലക്കിലേക്ക് തന്നെ പോകേണ്ടിയും വന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ രാജ്യം മൂന്നാം തരംഗവും അഭിമുഖീകരിക്കേണ്ടി വന്നതുകൊണ്ടാണ് വിലക്ക് പിൻവലിക്കുന്നത് താമസിച്ചത്.

2020 മാർച്ച് 23നായിരുന്നു അന്താരാഷ്‌ട്ര വിമാന സർവീസുകൾ ആദ്യമായി നിർത്തലാക്കിയത്. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സർവീസുകൾ ഇനി പുനരാരംഭിക്കുന്നത്.