ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശിക്കും അച്ഛനും എതിരെ കേസ്

കൊച്ചി: ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനും എതിരെ കേസ്. മുത്തശ്ശി സിപ്‌സി, അച്ഛന്‍ സജീവ് എന്നിവര്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബാലനീതി നിയമപ്രകാരമാണ് നടപടി. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്‌സിയുടേയും മകള്‍ നോറ മരിയ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.

നോറ മരിയയുടെ മരണത്തില്‍ അച്ഛന്റെ മാതാവ് സിപ്‌സി സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസിനെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് ജോണ്‍ ബിനോയ് കൊലപ്പെടുത്തിയത്.

അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് ചര്‍ദ്ദിച്ചെന്നു പറഞ്ഞ് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായത്. സിപ്സിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ജോണ്‍ ബിനോയ് ഒന്നരവയസുകാരിയെ കൊലപെടുത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. ഇതുസംബന്ധിച്ച് ഇരുവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കുട്ടിയുടെ മരണത്തിന് പിന്നാലെ വിദേശത്തായിരുന്ന അമ്മ ഡിക്‌സി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഭര്‍ത്താവിനും, ഇയാളുടെ അമ്മയ്ക്കും എതിരെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായി ഡിക്സി ആരോപിച്ചിരുന്നു. മക്കളെ ഭര്‍ത്താവ് നോക്കാറില്ല. അതിനാല്‍ പണം അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ അമ്മായിയമ്മയ്ക്കും ഭര്‍ത്താവിനും ദേഷ്യമുണ്ടായിരുന്നുവെന്നും ഡിക്സി കുറ്റപ്പെടുത്തിയിരുന്നു.

ഇരുവരും കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ഇത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ നിന്ന് വന്നതിന് ശേഷം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് പോകാമെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചതെന്നും ഡിക്സി പറഞ്ഞിരുന്നു.