പി വി അബ്ദുൾ വഹാബിന്റെ സമയോചിതമായ ഇടപെടൽ, സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ യാത്രാവിലക്കിന് പരിഹാരം

മലപ്പുറം: സൗദി സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങൾ കാരണം നാടുകടത്തൽ കേന്ദ്രങ്ങളിൽ കുടുങ്ങിയ 600 -ഓളം ഇന്ത്യൻ പൗരന്മാരുടെ വിഷയം വിജയകരമായി പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുസ്ലിം ലീഗ് എംപി പിവി അബ്ദുൾ വഹാബിന് അയച്ച കത്തിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി നേരത്തെ രാജ്യസഭയിൽ  വിഷയം ഉന്നയിച്ചിരുന്നു.


വിദേശത്ത് താമസിക്കുന്നവരുൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന്  കത്തിൽ ജയശങ്കർ പറഞ്ഞു. തടവുകാർ നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ട് കൈവശം വച്ചാൽ എയർ-സുവധ പോർട്ടലിൽ  സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നുള്ള ഒഴിവാക്കലിന് ആരോഗ്യ മന്ത്രാലയത്തിനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ഒരേസമയം അംഗീകാരം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എംബസി ആവശ്യപ്രകാരം നാടുകടത്തപ്പെട്ടവരെ സ്ഥിരമായി നാട്ടിലെത്തിക്കുന്നത് സൗദി എയർലൈൻസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിന് അർഹമായ പ്രാധാന്യം നൽകി ഉടനടി പരിഹാരം കണ്ടതിന്  വിദേശ കാര്യ മന്ത്രാലയത്തോട് അബ്ദുൾ വഹാബ് എം പി നന്ദി അറിയിച്ചു . ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾ നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമത്തിനായി താൻ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.