കെറെയില്‍ കല്ലിടല്‍ തടഞ്ഞു; തിരൂര്‍ നഗരസഭ അധ്യക്ഷയ്ക്കടക്കം പോലീസുകാരുടെ മര്‍ദനം


തിരൂർ: തിരൂരില്‍ കെറെയില്‍ പദ്ധതിയ്ക്ക് കല്ലിടാനെത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ നഗരസഭാ അധ്യക്ഷയടക്കം നാട്ടുകാരെ മര്‍ദിച്ചതായി പരാതി.  തിരൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള ഭൂമിയില്‍ കെറെയില്‍ സര്‍വേ കല്ല് ഇടാനെത്തിയ സംഘത്തിന് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം തടയാനെത്തിയ പോലീസുകാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി, ഇതിനിടെ തിരൂര്‍ നഗരസഭാ അധ്യക്ഷ നസീമയ്ക്കടക്കം പോലീസിന്‍റെ മര്‍ദനം ഏറ്റെന്നാണ് പരാതി.

രണ്ട് വനിതാ പോലീസ് മാത്രമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്, ബാക്കിയെല്ലാവരും പുരുഷ പൊലീസുകാരായിരുന്നുവെന്നും ഇവര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും ന​ഗരസഭാ ചെയർപേഴ്സൺ നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പുരുഷ പൊലീസുകാ‍ര്‍ തന്നെ വലിച്ചിഴച്ച് കൊണ്ടുപോയെന്നും അവ‍ർ ആരോപിക്കുന്നു.

തിരൂർ ന​ഗരസഭാ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയ‍ർമാനും പരിക്കേറ്റിട്ടുണ്ട്. ഒരു കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. സ‍ർക്കാരിന്റെ നി‍ർദ്ദേശമാണെന്നും അതിനാൽ എങ്ങനെയും നടപ്പിലാക്കുമെന്ന നിലപാടിലാണ് പോലീസെന്നും നസീമ കൂട്ടിച്ചേ‍ർത്തു. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് കെ റെയിലിന് കല്ലിടുന്നതിനെതിരെ നടക്കുന്നത്.