മതസ്പർധ വളർത്തുന്ന തരത്തിൽ വർത്ത പ്രചരിപ്പിച്ച യു ടൂബറെ അറസ്റ്റു ചെയ്തു; മതവിദ്വേഷം വളർത്തുന്ന യു ടൂബർമാർ നിരീക്ഷണത്തിൽ

നെയ്യാറ്റിൻകര: മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് വഴി വാർത്തയായി അവതരിപ്പിച്ച യു ടൂബർ അറസ്റ്റിൽ. നെയ്യാറ്റിൻകര, മണലൂർ, കണിയാംകുളം, കുളത്തിൻകര വീട്ടിൽനിന്ന് ഇരുമ്പിലിന് സമീപം വയലറത്തല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്റ്റിലായത്. മതവിദ്വേഷം പടർത്തുന്ന വിധത്തിൽ വാർത്ത അവതരിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ഒരാഴ്ച മുൻപ് വഴിമുക്ക്, പച്ചിക്കോട്, നിസാം മൻസിലിൽ നിസാം, ഭാര്യ ആൻസില, രണ്ടു വയസ്സുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികൾ ആക്രമിച്ച സംഭവമുണ്ടായി. ഇതിൽ നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. സംഭവത്തിലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഈ വിഷയം മതവിദ്വേഷം വളർത്തുന്ന വിധത്തിൽ ഇയാൾ യുട്യൂബിൽ പ്രചിപ്പിക്കുകയായിരുന്നു. സംഭവം പൊലീസ് പരിശോധിക്കുകയും അറസ്റ്റിലേക്ക് കടക്കുകയുമായിരുന്നു.

മതസ്പർധ വളർത്തുന്ന തരത്തിൽ യുട്യൂബ് വഴി മുമ്പും ഇയാൾ കുപ്രചരണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാത്രവുമല്ല 2017-ൽ പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്‌പി. എസ്. ശ്രീകാന്ത്, സിഐ. വി.എൻ. സാഗർ, എസ്‌ഐ. ടി.പി. സെന്തിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി നേരത്തേ ചില മാധ്യമങ്ങളിലെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.

യുട്യൂബ് വഴി വാർത്ത പ്രചരിപ്പിക്കാനായി ഉപയോഗിച്ച കംപ്യൂട്ടർ പൊലീസ് പിടിച്ചെടുത്തു. മതസ്പർധ വളർത്തിയതിനും ഇലക്ട്രോണിക് മാധ്യമം ദുരുപയോഗം ചെയ്തതിനുമാണ് പൊലീസ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തിൽ സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് യുട്യൂബേഴ്‌സിനെയും പൊലീസ് നോട്ടമിടുന്നത്. വാർത്തയെന്ന വിധത്തിൽ യാതൊരു അനുമതിയും ഇല്ലാതെയാണ് ഇത്തരം യുട്ഊബർമാർ രംഗത്തുവരുന്നത്.