നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചു; സ്വകാര്യ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് നാലു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്.
ഇന്നു രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയുമായി ബസുടമകൾ ചർച്ചനടത്തിയത്. ബസുടമകളുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ ജനങ്ങളും വിദ്യാർത്ഥികളും കഷ്ടപ്പെടുന്നതിനേക്കാൾ കൂടുതലായി സ്വകാര്യ ബസുടമകൾ കഷ്ടപ്പെടുന്നു. ബസുടമകളുടെ എല്ലാ പ്രശ്നങ്ങളും സർക്കാരിനും തനിക്കും അറിയാം. എന്നാൽ സർക്കാരിന് ചില പരിമിതികളുണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ സമരത്തിൽ നിന്ന് പിന്മാറണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം ബസുടമകൾ യോഗം ചേർന്നിരുന്നു. അതിനൊടുവിലാണ് സമരം പിൻവലിക്കാമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് 6 രൂപയാക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തി വന്നത്. വരുന്ന 30ാം തീയതി നടക്കാനിരിക്കുന്ന എൽ ഡി എഫ് യോഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞ നവംബറിലും ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്ന് സമര തീരുമാനം പിൻവലിക്കുകയായിരുന്നു. ബഡ്ജറ്റിൽ കെ എസ് ആർ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകൾക്ക് അമർഷമുണ്ടായിരുന്നു. സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കിൽ പങ്കെടുത്തത്.