പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി


പാലക്കാട്: ടോൾ പിരിവിൽ പ്രതിഷേധിച്ച് പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി. ഉയർന്ന ടോൾ നൽകാൻ കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകൾ അറിയിച്ചു. തീരുമാനമായില്ലെങ്കിൽ ടോൾ പ്ലാസയ്ക്ക് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.

പന്നിയങ്കര ടോൾ പ്ലാസയിലാണ് ബസുടമകൾ പ്രതിഷേധിച്ചത്. ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് ദേശീയ പാത അഥോറിറ്റി ഉയർത്തിയിരുന്നു. ഉയർന്ന നിരക്ക് നൽകാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്. ഇതിനെ തുടർന്ന് ടോൾ പ്ലാസയിലൂടെ ബസുകൾ കടത്തിവിട്ടില്ല. തുടർന്നായിരുന്നു സർവീസ് നിർത്തി ബസുടമകൾ പ്രതിഷേധിച്ചത്.

ദേശീയ പാത അഥോറിറ്റി നിശ്ചയിച്ച ടോൾ നൽകണമെന്നാണ് ടോൾ പിരിവ് നടത്തുന്ന കമ്പനിയുടെ ആവശ്യം. എന്നാൽ ഉയർന്ന ടോൾ നൽകി സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്. ഇതിൽ തീരുമാനമാകുന്നതുവരെ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.