കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു ഷബീർ അലി.
ഖത്തറിൽ മൊബൈൽ ആക്സസറീസ് സ്ഥാപനമായ അൽ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഖത്തർ കെഎംസിസിയുടെ കോട്ടക്കൽ മണ്ഡലം പ്രവർത്തകൻ കൂടിയാണ് മരിച്ച ഷബീർ അലി.
സൈതലവി പരവക്കൽ ആണ് പിതാവ്, മാതാവ് നദീറ, ഭാര്യ ബുഷ്റ, മക്കൾ അഖിൻ മുഹമ്മദ്, ആലിയ എന്നിവരാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി അംഗങ്ങൾ അറിയിച്ചു.