ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷിയോഗം വിളിച്ചിട്ടില്ല; യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി
പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളെ തുടർന്ന് മന്ത്രി വിളിച്ച സർവകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷിയോഗം വിളിച്ചിട്ടില്ല. ജില്ലാ ഭരണകൂടം നടത്തുന്ന സമാധാനശ്രമങ്ങൾ പ്രഹസനമാണെന്നും ബിജെപി നേതാവ് സി.കൃഷ്‌ണകുമാർ ആരോപിച്ചു.
സഞ്ജിത്ത്, ശ്രീനിവാസൻ വധകേസുകളിലെ മുഴുവൻ പ്രതികളെയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. യോഗനടപടിയിൽ തൃപ്‌തിയില്ലെന്നും പൊലീസ് അന്വേഷണം പോരെന്നും നേതാക്കൾ പറഞ്ഞു. മന്ത്രി കെ. കൃഷ്‌ണൻകുട്ടിയും സിപിഎം പ്രതിനിധിയായി യോഗത്തിനെത്തിയ എൻ.എൻ കൃഷ്‌ണദാസും തമ്മിൽ തർക്കമുണ്ടായി.
ഏലപ്പുളളിയിൽ പോപ്പുലർഫ്രണ്ട് നേതാവായ സുബൈർ, ആർഎസ്‌എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസൻ എന്നിവരാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. ഇതോടെ കനത്ത പൊലീസ് കാവലിലായി പാലക്കാട് ജില്ല. ഇരുചക്രവാഹനങ്ങളിൽ പിന്നിൽ പുരുഷന്മാർക്ക് സഞ്ചരിക്കാൻ നിയന്ത്രണമുണ്ടായി. അതേസമയം സർവകക്ഷിയോഗം അവസാനിച്ചു. ബിജെപി വന്നത് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാണെന്നും യോഗത്തിൽ തർക്കമൊന്നും ഉണ്ടായില്ലെന്നും മന്ത്രി കെ.കൃഷ്‌ണൻകുട്ടി അഭിപ്രായപ്പെട്ടു. നടന്നത് തീവ്രവാദസ്വഭാവമുളള ആക്രമണമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരംസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയെടുക്കുമെന്നും ജനങ്ങളുടെ ഭീതിയകറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.