Fincat

ആംവേ ഇന്ത്യയുടെ കോടികളുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി; ഡയറക്ടറ്റ് സെല്ലിങ് മൾട്ടി ലെവൽ മാർക്കറ്റിങ് ശൃംഖലയുടെ മറവിൽ പിരമിഡ് തട്ടിപ്പ്


ചെന്നൈ: മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 757.77 കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കണ്ടുകെട്ടൽ. ആംവേയുടെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളിൽ നിന്നായി 345.94 കോടി രൂപയും ഇഡി നേരത്തെ താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.

1 st paragraph

ഡയറക്ടറ്റ് സെല്ലിങ് മൾട്ടി ലെവൽ മാർക്കറ്റിങ് ശൃംഖലയുടെ മറവിൽ പിരമിഡ് തട്ടിപ്പാണ് ആംവേ നടത്തുന്നതെന്ന് തെളിഞ്ഞതായി ഇഡി പറയുന്നു. കമ്പനിയുടെ മിക്കവാറും ഉത്പ്പന്നങ്ങൾക്കും, വിപണിയിലെ പേരുകേട്ട മറ്റു ജനപ്രിയ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന വിലയാണ് ഈടാക്കുന്നത്. 2002-03 മുതൽ 2021-22 കാലഘട്ടം വരെ ബിസിനസ് നടത്തിപ്പിൽ നിന്നായി കമ്പനി 27,562 കോടി സമാഹരിച്ചു. ഇതിൽ നിന്ന് ഇന്ത്യയിലെയും അമേരിക്കയിലെയും വിതരണക്കാർക്കും അംഗങ്ങൾക്കും 7,588 കോടി വിതരണം ചെയ്തു. ( 2002-03 തൊട്ട് 2020-21 വരെ).

2nd paragraph

യഥാർത്ഥ വസ്തുതകൾ അറിയാത്ത സാധാരണക്കാർ വഞ്ചിതരാകുകയാണ്. കമ്പനിയിൽ അംഗങ്ങളായി ചേർത്ത ശേഷം വൻവിലയ്ക്ക് സാധനങ്ങൾ വാങ്ങിപ്പിക്കുകയാണ്. പാടുപെട്ട് നേടുന്ന പണം ഇങ്ങനെ നഷ്ടപ്പെടുകയാണ്. പുതിയ അംഗങ്ങൾ അവർക്ക് ഉപയോഗിക്കാൻ അല്ല സാധനങ്ങൾ വാങ്ങുന്നത്. തങ്ങളെ കമ്പനിയിൽ അംഗങ്ങളായി ചേർത്തവരുടെ വാക്കുകേട്ട് പണക്കാർ ആകാനാണ് അവർ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. സ്‌പോൺസർമാരായ ഇത്തരം റിക്രൂട്ടിങ് അംഗങ്ങളുടെ കമ്മീഷൻ കൊടുക്കാൻ വേണ്ടിയാണ് ഉത്പ്പന്നങ്ങൾ വിലകൂട്ടി വിൽക്കുന്നത് എന്നതാണ് യാഥാർത്ഥ്യം, ഇഡി വാർത്താകുറിപ്പിൽ പറഞ്ഞു.

അംഗങ്ങളായി എങ്ങനെ പണക്കാരാകാം എന്നതിലാണ് കമ്പനിയുടെ മുഴുവൻ പ്രചാരണവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഉത്പന്നങ്ങളിൽ യാതൊരു കേന്ദ്രീകരണവും ഇല്ല. ഡയറക്റ്റ് സെല്ലിങ് കമ്പനി എന്ന വ്യാജേന പിരമിഡ് തട്ടിപ്പ് മറയ്ക്കാൻ വേണ്ടി മാത്രമാണ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്.

1996-97 കാലഘട്ടത്തിൽ ഇന്ത്യയിൽ 21.39 കോടിയുടെ ഓഹരി മൂലധനമാണ് ആംവേ കൊണ്ടുവന്നത്. ഡിവിഡന്റ്, റോയൽറ്റി, മറ്റുനിക്ഷേപങ്ങൾ എന്നിങ്ങനെ 2859.10 കോടി കമ്പനി ചെലവഴിച്ചിട്ടുണ്ട്. മെസേഴ്‌സ് ബ്രിട്ട് വേൾഡ് വൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മെസേഴ്‌സ് നെറ്റ് വർക്ക് ട്വന്റ് വൺ പ്രൈവറ്റ് ലിമിറ്റഡും ആംവേയുടെ പിരമിഡ് സ്‌കീം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ചെയിൻ സമ്പ്രദായത്തിൽ ആളെ ചേർക്കാൻ സെമിനാറുകളും മറ്റും ആംവേക്ക് വേണ്ടി സംഘടിപ്പിച്ചത് ഈ പ്രമോട്ടർമാരാണ്. ആഡംബര ജീവിതവും ആർഭാടവും പ്രദർശിപ്പിച്ച മെഗാ കൺവൻഷനുകൾ വിളിച്ചുകൂട്ടിയാണ് ഇവർ ആളെ വല വീശി പിടിച്ചത്. സോഷ്യൽ മീഡിയയും ഇതിനായി ഉപയോഗിച്ചെന്ന് ഇഡി പറയുന്നു.