പൊന്നാനിയിൽ യുവാവിനെ കസ്റ്റഡിയിൽ വച്ച് നഗ്നനാക്കി മർദ്ദിച്ച സംഭവം; ആരോപണ വിധേയർക്ക് എതിരെ നടപടി സ്വീകരിച്ചെന്ന് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് പൊലീസ്; കേസ് തീർപ്പാക്കി

മലപ്പുറം: പൊലീസുകാരന്റെ സുഹൃത്തായ യുവതി നൽകിയ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി നഗ്നനായി മർദ്ദിച്ചെന്ന പരാതിയിൽ യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

പൊന്നാനി സ്റ്റേഷനിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പൊന്നാനി പൊലീസ് സ്റ്റേഷൻ പരിസരത്ത് നജ്മുദ്ദീൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ എസ് ഐ യെ സ്ഥലം മാറ്റി. സി പി ഒ യെ സസ്പെന്റ് ചെയ്തു. നജ്മുദീൻ പൊന്നാനി പൊലീസ് സ്റ്റേഷനിലെ മൂന്നു കേസുകളിൽ പ്രതിയാണ്. പരാതിയിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.

പൊന്നാനിയിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം യുവാവിനെ ക്വാർട്ടേഴ്‌സിൽ എത്തിച്ച് ക്രൂരമായി മർദിച്ചതായാണ് പരാതിയുണ്ടായിരുന്നത്. പൊന്നാനി സ്വദേശി നജ്മുദ്ദീനാണ് മർദനത്തിനിരയായത്. വസ്ത്രങ്ങൾ അഴിപ്പിച്ച് മർദിച്ചെന്നും ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവേറ്റെന്നും നജ്മുദ്ദീൻ പറഞ്ഞിരുന്നു. പൊന്നാനി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വീടെങ്കിലും തിരൂർ സ്റ്റേഷനിലെ സിപിഒ അനീഷ് പീറ്ററാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്നും നജ്മുദ്ദീൻ ആരോപിച്ചിരുന്നു.

തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചിരുന്നു. ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയപ്പോൾ നജ്മുദ്ദീൻ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിശദീകരണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം മർദനത്തിന് ഇരയായ നജ്മുദ്ദീൻ നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.