ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; സുബൈർ വധക്കേസിൽ ബി ജെ പി പ്രവർത്തകരുടെ അറസ്റ്റ് ഇന്ന്

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ഏപ്രിൽ പതിനഞ്ചിനാണ് സുബൈർ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പ്രതികൾ, നേരെ പോയത് ശ്രീനിവാസനെ കൊലപ്പെടുത്താനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒളിവിൽ പോകുന്നതിന് മുമ്പ് കൊലയാളികൾ ഫോണുകൾ ഉപേക്ഷിച്ചു. കൃത്യം നടത്തിയ ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികൾ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കേസിൽ ആറ് പ്രതികളാണ് ഉള്ളത്. ഇവരിലൊരാൾ പട്ടാമ്പി സ്വദേശിയാണ്.

അതേസമയം സുബൈർ വധക്കേസിൽ പിടിയിലായ മൂന്ന് ബി ജെ പി പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.