Fincat

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എഡിജിപി

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബർ 15-ന് കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരം തന്നെ. സുബൈർ വധക്കേസിലെ കേസന്വേഷണം വെളിച്ചത്തു കൊണ്ടു വരുന്നത് എസ്.ഡി.പി.ഐ. പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളുടെ പങ്കാണ്. ഇവർ തന്നെയാണ് സുബൈറിനേയും വകവരുത്തിയത്.

1 st paragraph

സകീർ ഹുസൈനെ വെട്ടിയതിന്റെ പ്രതികാരമായിരുന്നു സഞ്ജിത്തിന്റെ കൊല. അന്ന് സഞ്ജിത്തിന്റെ കൂട്ടുകാരായ സക്കീർ ഹുസൈൻ കേസിലെ പ്രതികൾ ജയിലിലായിരുന്നു. സഞ്ജിത്തിന്റെ കൊലപാതകം അഴിക്കുള്ളിൽ വച്ചറിഞ്ഞ കൂട്ടുകാർ അവിടെ വച്ചു തന്നെ അടുത്ത പദ്ധതി തയ്യാറാക്കി. സക്കീർ കേസിൽ ജയിലിലായിരുന്ന പ്രതികൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. അതിന് ശേഷം കൃത്യമായ നിരീക്ഷണങ്ങളിലൂടെ സുബൈറിനെ വകവരുത്തി. സഞ്ജിത്തിന്റെ കാറിൽ കൊലപാതക സ്ഥലത്തെത്തിയതും ആ കാർ ഉപേക്ഷിച്ചതും കൊല നടത്തിയത് പ്രതികാരമാണെന്ന സന്ദേശം നൽകാനായിരുന്നു.

2nd paragraph

സുബൈറിന്റെ കൊലപാതകം ആസൂത്രണം ചെയ്തതത് രമേശാണ്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. അറസ്റ്റിലായ മൂന്നുപേരും ആർഎസ്എസ് പ്രവർത്തകരാണെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. വിഷുവിന്റെ അന്നാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സുബൈറിനെ ഇടിച്ചിട്ട കാർ കൊല്ലപ്പെട്ട സഞ്ജിത്തിന്റെതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ കാർ സഞ്ജിത്തുകൊല്ലപ്പെടുന്നതിന് ഒന്നരമാസം മുമ്പ് വർക് ഷോപ്പിൽ കൊടുത്തതാണെന്ന് പിന്നീട് വാങ്ങിയില്ലെന്നും സഞ്ജിത്തിന്റെ ഭാര്യയും പിതാവും പറഞ്ഞിരുന്നു. എങ്ങനെയാണ് കാർ അവിടെയെത്തിയത് എന്ന് അറിയില്ലെന്നും സഞ്ജിത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഈ കാർ ഉണ്ടായിരുന്ന വർക് ഷോപ്പ് രമേശിന് അറിയാമായിരുന്നു. അവിടെ നിന്ന് ഇവർ ആ കാർ വാങ്ങുകയായിരുന്നുവെന്നാണ് സൂചന. സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്. രമേശാണ് സൂബൈർ വധത്തിൽ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു. സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതക ശ്രമം നടത്തി. ഏപ്രിൽ 1,8 തീയതികളിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. പൊലീസ് പട്രോളിങ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുപിന്നിൽ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്ജിത് നേരത്തെ പറഞ്ഞിരുന്നതായി രമേശിന്റെ മൊഴിയുണ്ടെന്നും പൊലീസ് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച കാര്യമായ വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭ്യമായിട്ടില്ല. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂർത്തിയാക്കും.

മൂന്ന് കൊലപാതകങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം രണ്ട് വർഷം മുൻപാണ്. ആർഎസ്എസ്. പ്രവർത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവർത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീർ ഹുസൈനുമായി തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ട് വർഷം മുൻപ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ ജയിലിലായി. സക്കീർ ഹുസൈനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബർ 15-ന് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം ഭാര്യയുടെ മുന്നിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം. ഇത് ജയിലിൽ വച്ച് പ്രതികൾ അറിഞ്ഞു. ഇതോടെ സുബൈറിനെ കൊല്ലാനുള്ള ഗൂഢാലോചനയും തുടങ്ങി.

സഞ്ജിത്തുകൊല കേസിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും പ്രതികളെ പൊലീസ് പിടികൂടാൻ വൈകുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ടായിരുന്നു. സഞ്ജിത്തിനെ കൊന്ന പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി. സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു. പ്രതികളെ പിടികൂടാൻ വൈകിയത് സഞ്ജത്തിന്റെ കൊലപാതകത്തിന് പകരം വീട്ടാൻ കാരണമായി എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാനമായ ആരോപണങ്ങളിൽ ഒന്ന്.

സഞ്ജിത്തുകൊല്ലപ്പെട്ട് അഞ്ച് മാസം തികയുന്നതിന്റെ അതേ ദിവസമാണ് സുബൈർ കൊല്ലപ്പെട്ടത്. ഭാര്യയുടെ മുന്നിൽവെച്ച് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു സഞ്ജിത്തിനെ. പിതാവിനൊപ്പം ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതേ രീതിയിൽ വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം കൈകാലുകളിലും തലയിലും വെട്ടിയാണ് സുബൈറിനേയും കൊലപ്പെടുത്തിയത്.