സിൽവർ ലെെൻ കല്ലിടൽ; വീണ്ടും സംഘർഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിയിൽ ചിലർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. വിവരമറിഞ്ഞ് കൂടുതൽ പ്രതിഷേധക്കാർ സ്ഥലത്തെത്തി.
ഉന്തിനും തളളിനും ഇടയിൽ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്‌ത്തി. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങി.
ഒരിടവേളയ്ക്ക് ശേഷമാണ് സിൽവർ ലെെൻ കല്ലിടൽ പുനരാരംഭിച്ചത്. ഒരു മാസമായി നിർത്തിവച്ച കല്ലിടൽ സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിർത്തിവെച്ചു. കഴക്കൂട്ടത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.