ചരക്ക് വാഹന മോഷ്ടാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: ഗുഡ്സ് വാഹനങ്ങൾ കവർച്ച ചെയ്ത് വിൽപന നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട് പറമ്പ് അബ്ദുസലാം(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ചങ്ങരംകുളം സ്റ്റേഷൻ അതിർത്തിയിൽ നിന്നായി മൂന്ന് ഗുഡ്സ് വാഹനങ്ങളാണ് ഇയാൾ കവർച്ച ചെയ്തത്.

കാളാച്ചാൽ കുറ്റിപ്പാല വളയംകുളം എന്നിവിടങ്ങളിൽ നിന്ന് മോഷണം പോയ വാഹനങ്ങൾ ഇയാളാണ് കവർച്ച നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് ചിയ്യാനൂർ പാടത്ത് നിന്ന് ഗുഡ്സ് വാഹനം കവർച്ച ചെയ്ത സംഭവത്തിൽ നേരത്തെ ഇയാൾ ചങ്ങരംകുളം പൊലീസിന്റെ പിടിയിലായിരുന്നു. കോഴിക്കോട് ,മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി വാഹന കവർച്ച കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഉദ്യോാഗസ്ഥർ പറഞ്ഞു.

കവർച്ച നടത്തുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിൽ കൊണ്ട് പോയി മറിച്ച് വിൽപന നടത്തുകയാണ് ഇയാളുടെ രീതിയെന്നും ഇയാളുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നുണ്ടെന്നു അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.തിരൂർ,ആലത്തൂർ,ഷൊർണ്ണൂർ ഡിവൈഎസ്‌പി മാരുടെ കീഴിലുള്ള സ്‌ക്വോഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.

ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്‌ഐ ഹരിഹരസൂനു,എഎസ്ഐ ശിവകുമാർ, സി.പി.ഒ സുരേഷ്,എന്നിവർ ചേർന്നാണ് പ്രതിയ പിടികൂടിയത്.പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.