മലപ്പുറം ജില്ലയിൽ മൂന്ന് ബിവറേജസ് ഷോപ്പുകൾ കൂടി വരുന്നു; 68 വിൽപന ശാലകൾ സംസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് വിൽപന ശാലകൾ കൂടിവരുന്നു. ഘട്ടംഘട്ടമായി ഇവ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതൽ ബിവറേജസ് വിൽപനശാലകൾ വരാൻ പോകുന്നത് എറണാകുളത്തും ഇടുക്കിയിലുമാണ്- എട്ടുവീതം.

പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം- 5, കൊല്ലം – 6, പത്തനംതിട്ട – 1, ആലപ്പുഴ – 4, കോട്ടയം- 6, ഇടുക്കി- 8, എറണാകുളം- 8, തൃശൂർ- 5, പാലക്കാട് – 6, മലപ്പുറം – 3, കോഴിക്കോട് – 6, വയനാട് – 4, കണ്ണൂർ – 4, കാസർകോട് – 2.

ഹൈക്കോടതി നിർദേശിച്ചതുപോലെ മദ്യവിൽപന ശാലകളിലെ തിരക്ക് ഒഴിവാക്കാനായി 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന ശുപാർശയായിരുന്നു ബെവ്കോ സർക്കാരിന് നൽകിയിരുന്നത്. ഇത് പൂർണമായി സർക്കാർ അംഗീകരിച്ചില്ല. മുൻപ് അടച്ചുപൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി തുറക്കുന്നതിനാണ് മുൻഗണന നൽകിയത്.

ഐടി പാർക്കുകളിൽ മദ്യവില്പനശാലകൾ അടക്കം തുടങ്ങുന്നതിന് അനുവദിക്കുന്ന പുതിയ മദ്യനയത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ബ്രുവറികൾക്കും ധാന്യങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനും ലൈസൻസ് അനുവദിക്കും. മദ്യ വില്പനശാലകളിലെ തിരക്കു നിയന്ത്രിക്കാൻ കൂടുതൽ പ്രീമിയം മദ്യ കൗണ്ടറുകൾ അനുവദിക്കുമെന്നും നയത്തിൽ പറയുന്നു.

സംസ്ഥാനത്ത് ആവശ്യമായ വിദേശമദ്യമോ ബിയറോ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. അതിനുള്ള പരിഹാര മാർഗമാണ് ബ്രുവറി ലൈസൻസ്. കള്ളിന്റെ ഉത്പാദനം, അന്തര്‍ജില്ല/അന്തര്‍ റെയിഞ്ച് നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് Track and Trace സംവിധാനം ഏര്‍പ്പെടുത്തും. ത്രീ സ്റ്റാർ മുതൽ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് നൽകുന്നത്. ഇതു തുടരും.

കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും. കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായാണ് ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിന് കർഷകർക്ക് അനുമതി നൽകുന്നതെന്നു മദ്യ നയം വ്യക്തമാക്കുന്നു. വിനോദസഞ്ചാര മേഖലകളിൽ മദ്യം ലഭ്യമാക്കിയില്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോഗം വർധിക്കുമെന്ന വിലയിരുത്തലും പുതിയ മദ്യനയത്തിലുണ്ട്.