കേന്ദ്ര സർവ്വകലാശാലകളിലെ പ്രവേശനം ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷനിൽ അവബോധ പരിശീലന ശിൽപശാല നാളെ
താനൂർ: കേന്ദ്ര സർവ്വകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന വിംഗ്സ് മലപ്പുറം പദ്ധതിയുടെ ഭാഗമായി നിറമരുതൂർ ഡിവിഷനിൽ നാളെ (27, ബുധൻ) പ്രത്യേക അവബോധ, പരിശീലന ശിൽപശാല സംഘടിപ്പിക്കും.
രാജ്യത്തെ 44 കേന്ദ്ര സർവ്വകലാശാലകളിലേക്കും 22 പ്രധാന സ്വയംഭരണ കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനായി നിറമരുതൂർ ഡിവിഷൻ പരിധിയിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർഥികളെ പ്രാപ്തമാക്കുന്നതിനാണ് പദ്ധതി.
വിംഗ്സ് ഓഫ് നിറമരുതൂർ എന്ന പേരിൽ നടക്കുന്ന ശിൽപശാല ബുധനാഴ്ച്ച (നാളെ) കാലത്ത് 9.30 ന് താനാളൂർ മൂന്നാമൂല ഇ.സി. ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. ഡിവിഷനിലെ താനൂർ ദേവധാർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, നിറമരുതൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ചെറിയമുണ്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾക്കും താനാളൂർ, ചെറിയമുണ്ടം, നിറമരുതൂർ പഞ്ചായത്തുകളിലെ താമസക്കാരായ മറ്റു സ്കൂളുകളിലെ പ്ലസ് ടു വിദ്യാർഥികൾക്കും ശിൽപശാലയിൽ പങ്കെടുക്കാൻ അവസരമുണ്ട്.
കേന്ദ്ര സർവ്വകലാശാലകളിൽ ഒന്നേകാൽ ലക്ഷത്തോളം ബിരുദ സീറ്റുകളാണുള്ളത്. മികച്ച അദ്ധ്യയനവും നല്ല കാമ്പസ് സാഹചര്യങ്ങളും മിതമായ ഫീസും അന്താരാഷ്ട്ര നിലവാരവും ഇത്തരം സർവ്വകലാശാലകളുടെ പ്രത്യേകതകളാണ്. ഈ വർഷം മുതലാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) വഴി പ്രവേശനം നടത്തുന്നത്.
തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് മെയ്, ജൂൺ മാസങ്ങളിലായി സൗജന്യമായി പരിശീലനം നൽകും. പദ്ധതിയെ കുറിച്ചും പ്രവേശന പരീക്ഷയെ കുറിച്ചുമുള്ള അവബോധവും അപേക്ഷ നൽകുന്നതിനാവശ്യമായ പരിശീലനവും നാളെ (ബുധനാഴ്ച്ച) നടക്കുന്ന ശിൽപശാലയിൽ നൽകും.
നിറമരുതൂർ ഡിവിഷനിൽ നടപ്പിലാക്കുന്ന പ്രത്യേക വിദ്യഭ്യാസ പദ്ധതിയായ വിംഗ്സ് ഓഫ് നിറമരുതൂരിന്റെ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയും ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്തും ദേവധാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഹെൽപ് ഡസ്ക് താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മല്ലിക ടീച്ചറും, ചെറിയമുണ്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഹെൽപ് ഡസ്ക്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശംസിയ സുബൈറും നിറമരുതൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഹെൽപ് ഡസ്ക് നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരിയും ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽമാരായ എം. ഗണേശൻ, ഡോ. വിജയ, എൻ. മിനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
എൻട്രൻസ് ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസമായ മെയ് 6 വരെ അതാത് സ്കൂളുകളിൽ ഹെൽപ്ഡസ്ക് പ്രവർത്തിക്കും.
ശിൽപശാലയിൽ ജില്ലാ പഞ്ചായത്ത് വിജയഭേരി കോർഡിനേറ്റർ സലീം മാസ്റ്റർ, എൻസ്കൂൾ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലെ പരിശീലകരായ കെ.വി. മുഹമ്മദ് യാസീൻ, ജിഷ്ണു ഓസി എന്നിവർ ക്ലാസ്സെടുക്കും. കേന്ദ്ര സർവ്വകലാശാല വിദ്യാർഥികളുമായി സംവദിക്കാനും അവസരമുണ്ടാകും.
പത്ര സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി, വിവിധ സ്കൂളുകളിലെ കരിയർ ഗൈഡ് അധ്യാപകരായ പ്രശാന്ത് കുമാർ, ഹംസ മാസ്റ്റർ, എ. ഷിബു, ഡോ. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.