വളാഞ്ചേരിയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

വളാഞ്ചേരിയി എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

വളാഞ്ചേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിലായി. ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായെത്തിച്ച എംഡിഎംയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ടോടെയാണ് വളാഞ്ചേരി കാര്‍ത്തിക തിയേറ്ററിന് സമീപം എംഡിഎംയുമായി വാഹനപരിശോധനക്കിടെ മൂന്ന് പേര്‍ പോലീസ് പിടിയിലായത്. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ഷാഫി, വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സരിന്‍ കെവി, കൊളത്തൂര്‍ പടിഞ്ഞാറേകുളമ്പ് സ്വദേശി ശ്രീശാന്ത് എന്നിവരാണ് പിടിയിലായത്. 163 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

ലഹരിമരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ. കഞ്ചാവും ഹാഷിഷും കടന്നാണ് ഇപ്പോള്‍ എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുമാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

പരിശോധനകള്‍ മറികടക്കാന്‍ ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകള്‍ പോലും എംഡിഎംഎ വില്‍പ്പനക്കായി ആശ്രയിക്കുകയാണ്. ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീന്‍ഡയോക്സി മെത്താംഫീറ്റമിന്‍. ഇത്തരം ലഹരി ഉല്‍പ്പന്നങ്ങള്‍ കഴിച്ചാല്‍ ഉന്‍മാദത്തിന്റെ മറ്റൊരു അവസ്ഥയില്‍ അക്രമാസക്തരാകുന്നതിന് കാരണമാകാനും സാധ്യതയുണ്ട്.

ലഹരിമാഫിയയെപ്പറ്റി പ്രതികളില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.