റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; ഫുട്‌ബോൾ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് മരിച്ചു


മലപ്പുറം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.
മുസ്ലിം യൂത്ത് ലീഗിന്‍റെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ ഫുട്‌ബോൾ കമന്‍റേറ്ററുമായ നിസാർ കുറുമാടൻ (42) ആണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂവത്തികണ്ടിയിൽ വെച്ച് ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗൺസ്മെന്‍റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. എതിരെ എത്തിയ കാറിടിക്കുകയും പിന്നിൽ നിന്ന് വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.

നിസാർ കുറുമാടൻ

ഉടനെ തന്നെ നിസാറിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച
പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ നിസാറിന്‍റെ മരണം ഒരു നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിസാറിന്‍റെ മരണത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ,ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നജീബ് കാന്തപുരം എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. പരേതനായ കുറുമാടൻ മുഹമ്മദാണ് നിസാറിന്‍റെ പിതാവ്. ഫാത്തിമയാണ് മാതാവ്. ഷംല ചേലക്കോടാണ് ഭാര്യ. മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ എന്നിവരാണ് മക്കൾ. അബ്ദുൽ അലി, റസീന, ആബിദ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.