കൂട്ടായി പാലത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങല
തിരൂർ: കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് കാര്യക്ഷമമാക്കുക എന്ന മുദ്രാവാക്യമുയർത്തി കേരളകർഷകസംഘം നേതൃത്വത്തിൽ കൂട്ടായി പാലത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങല തീർത്തു.
കൂട്ടായി റഗുലേറ്റർ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ 9 കോടി രൂപ വകയിരുത്തിയെങ്കിലും ആരംഭിച്ച നവീകരണ പ്രവർത്തികൾ നിലച്ചതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ടാണ് കേരള കർഷകസംഘം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടായി പാലത്തിന് മുകളിൽ മനുഷ്യചങ്ങല സൃഷ്ടിച്ചത്. നവീകരണത്തിനായി കരാറുകാരൻ ഷട്ടറുകൾ അഴിച്ച് കൊണ്ടു പോയിട്ട് മാസങ്ങളായി. പുതിയത് പുന:സ്ഥാപിക്കാത്തതിനാൽ ഉപ്പുവെള്ളം കയറി കൃഷി വ്യാപകമായി നശിച്ചു. വെട്ടം, മംഗലം, പുറത്തൂർ പഞ്ചായത്തുകളിൽ ശുദ്ധജലം കിട്ടാത്ത സ്ഥിതിയുമുണ്ടായി. പുഴയുടെ ഇരുവശത്തും ഭിത്തികൾ കെട്ടാത്തതിനാൽ ഇരുകരകളിലേക്കും വെള്ളം കയറുകയും ചെയ്തു
ഇതു സംബന്ധിച്ച് അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ഇതേ തുടർന്നാണ് കൂട്ടായി റഗുലേറ്റർ അടിയന്തിരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം പ്രതിഷേധ സൂചകമായി കൂട്ടായി പാലത്തിന് മുകളിലായാണ് മനുഷ്യചങ്ങല സൃഷ്ടിച്ചത്. മനുഷ്യചങ്ങലയിൽ കർഷകകർ, മൽസ്യതൊഴിലാളികൾ, ജനപ്രതിനിധികൾ, കുട്ടികൾ, സ്തീകൾ, കാരണവൻമാർ എന്നിവർ അണി ചേർന്നു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ അധ്യക്ഷനായി. ടി കെ അലവിക്കുട്ടി, കെ മണികണ്ഠൻ, ബഷീർ കൊടക്കാട് എന്നിവർ സംസാരിച്ചു.കെ മൊഹമ്മദ് ഫിറോസ് സ്വാഗതവും ടി സുധീഷ് നന്ദിയും പറഞ്ഞു